Site iconSite icon Janayugom Online

ലൈംഗിക വൈകൃതങ്ങളുടെ ദ്വീപ്; ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്

അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപസ്റ്റീന്റെ സ്വകാര്യ ദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്. ഡമോക്രാറ്റിക് അംഗങ്ങളാണ് എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിനലെ പത്ത് ഫോട്ടോകളും, വീഡിയോകളും പുറത്തുവിട്ടത് .എപ്സ്റ്റീന്‍ നിരവധി പെണ്‍കുട്ടികളെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികചൂഷണം നടത്തിയെന്നാണ് കേസ്.ഒട്ടേറെ പ്രമുഖരും എപ്സ്റ്റീന്റെ ലൈംഗികവൈകൃതങ്ങള്‍നിറഞ്ഞ കുപ്രസിദ്ധമായ ദ്വീപിലേക്ക് യാത്രചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദ്വീപില്‍നിന്നുള്ള, ഇതുവരെ പുറത്തുവരാത്ത 10 ചിത്രങ്ങളും നാല് വീഡിയോകളുമാണ് ഡമക്രാറ്റിക് അംഗങ്ങള്‍ ഏറ്റവുമൊടുവിലായി പുറത്തുവിട്ടിരിക്കുന്നത്. പീഡോഫൈല്‍ ദ്വീപ് എന്നറിയപ്പെടുന്ന ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപിലെ എപ്സ്റ്റീന്റെ വസതിയുടെ ചിത്രങ്ങളാണ് ഇതിലുള്ളത്. നിലവില്‍ പുറത്തുവന്ന ചിത്രങ്ങള്‍ 2020‑ല്‍ പകര്‍ത്തിയതാണെന്നാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എപ്സ്റ്റീന്റെ വസതിയിലെ കിടപ്പുമുറികള്‍, ടെലിഫോണ്‍ മുറി, വിവിധ മുറികളിലെ ചുമരുകളുടെ ചിത്രങ്ങള്‍ എന്നിവയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു ഡെന്റല്‍ ചെയര്‍ അടക്കമുള്ള ഫര്‍ണീച്ചറുകളും ചുമരുകളില്‍ തൂക്കിയിട്ട മുഖംമൂടികളും ആഡംബര കിടപ്പുമുറികളും ദൃശ്യങ്ങളിലുണ്ട്. അതിനിടെ, ജെഫ്രി എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഈ മാസം 19ന് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

ഫയലുകള്‍ പുറത്തുവിടാനായി യുഎസ് കോണ്‍ഗ്രസ് നിശ്ചയിച്ച സമയപരിധി ഡിസംബര്‍ 19 ആണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലില്‍ നവംബര്‍ 20‑ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതോടെ 30 ദിവസത്തിനുള്ളില്‍ ഫയലുകള്‍ പുറത്തുവിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഫെഡറല്‍ അന്വേഷണങ്ങളെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എപ്സ്റ്റീന്‍ഫയലുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ സെനറ്റ് നേരത്തേ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഇത് ഓവല്‍ ഓഫീസിലേക്ക് അയച്ചു. ഇതിനു പിന്നാലെയാണ് ബില്‍ ഒപ്പിട്ടതായി ട്രംപ് അറിയിച്ചത്.അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫ്രി എപ്സ്റ്റീന്‍. പെണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് നിരവധി പെണ്‍കുട്ടികളെ തന്റെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്തെന്നായിരുന്നു എപ്സ്റ്റീനെതിരായ കേസ്. 

Exit mobile version