Site iconSite icon Janayugom Online

ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ: മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം

സംസ്ഥാനത്ത് ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്.
തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. മധ്യ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. തിങ്കളാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായും തുടർന്ന് ബുധനാഴ്ചയോടു കൂടി തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത ഒരാഴ്ച നേരിയ, ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതല്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത അ‌ഞ്ച് ദിവസത്തേക്ക് വിവിധജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എല്ലാ തീരദേശ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് രാവിലെ 5.30 മുതൽ നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Exit mobile version