Site iconSite icon Janayugom Online

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യവകുപ്പ്.
പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗബാധിതരെ ഐസോലേഷന്‍ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് ഈ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കും ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കിയിരുന്നു. കിഫ്ബി ധനസഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 34.74 കോടി രൂപയുടേയും കോഴിക്കോട് മെഡിക്കല്‍ കോളജിന് 34.92 കോടി രൂപയുടേയും ഭരണാനുമതിയാണ് നല്‍കിയത്. കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന് ഇത് സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 50 കിടക്കകളുള്ള ഐസൊലേഷന്‍ ബ്ലോക്കാണ് സ്ഥാപിക്കുന്നത്. 3500 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഒ പി വിഭാഗം, വാര്‍ഡുകള്‍, ഐസോലേഷന്‍ യൂണിറ്റുകള്‍, പരിശോധനാ സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, സ്വാബ് ടെസ്റ്റ്, ലബോറട്ടറി, വെയിറ്റിംഗ് ഏരിയ, കണ്‍സള്‍ട്ടേഷന്‍ റൂം, എക്‌സ്‌റേ, പ്രൊസീജിയര്‍ റൂം, യുഎസ്ജി റൂം, ഫാര്‍മസി എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ നഴ്‌സിംഗ് സ്റ്റാഫ് റൂം, ഡോക്‌ടേഴ്‌സ് ലോഞ്ച്, സെമിനാര്‍ റൂം, ബൈസ്റ്റാന്‍ഡര്‍ വെയിറ്റിംഗ് ഏരിയ, നഴ്‌സസ് സ്റ്റേഷന്‍, ഐസൊലേഷന്‍ റൂമുകള്‍ എന്നിവയും, രണ്ടും മൂന്നും നിലകളില്‍ ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ വാര്‍ഡ്, പ്രൊസീജിയര്‍ റൂം എന്നിവയുമുണ്ടാകും. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 40 കിടക്കകളുള്ള ഐസൊലേഷന്‍ ബ്ലോക്കാണ് നിര്‍മ്മിക്കുന്നത്. 3600 സ്‌ക്വയര്‍ മീറ്ററില്‍ മൂന്ന് നില കെട്ടിടമാണത്. ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, ബൈസ്റ്റാന്‍ഡര്‍ വെയ്റ്റിംഗ് ഏരിയ, പ്രീ ആന്റ് പോസ്റ്റ് സാംപ്ലിംഗ് ഏരിയ, ഫാര്‍മസി, കണ്‍സള്‍ട്ടേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, പ്രൊസീജിയര്‍ റൂം, സ്‌ക്രീനിംഗ് റൂം എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ബൈസ്റ്റാന്‍ഡര്‍ വെയ്റ്റിംഗ് ഏരിയ, നഴ്‌സസ് സ്റ്റേഷന്‍, പ്രൊസീജിയര്‍ റൂം, ഡോക്‌ടേഴ്‌സ് ലോഞ്ച് എന്നിവയും രണ്ടാം നിലയില്‍ ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, പ്രൊസീജിയര്‍ റൂം എന്നിവയുമുണ്ടാകും.

Eng­lish Summary;Isolation blocks will be com­plet­ed in Thiru­vanan­tha­pu­ram and Kozhikode Med­ical Col­leges in time: Health Minister

You may also like this video

Exit mobile version