കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിനെ (കെ-ഫോൺ) ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചു.
കെ ഫോണിന് ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്‌പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കി.
കെ-ഫോൺ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഐഎസ്‌പി കാറ്റഗറി ബി ലൈസൻസ് ഒരു സർവീസ് മേഖലാപരിധിക്കകത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ നൽകാനുള്ള പ്രവർത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സർവീസ് മേഖലാ പരിധിക്കകത്ത് ഇന്റർനെറ്റ് സേവനസൗകര്യങ്ങൾ നൽകാൻ കെ-ഫോണിന് സാധിക്കും. ഇതിന്റെ ആദ്യപടിയായി കെ-ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി-1 ലൈസൻസ് കഴിഞ്ഞയാഴ്ച കേന്ദ്രം അനുവദിച്ചിരുന്നു.
ഏകദേശം 30,000 ത്തോളം സർക്കാർ ഓഫീസുകളിൽ കെ-ഫോൺ വഴി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. സ്വന്തമായി ഐഎസ്‌പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്നും അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
English Summary:ISP license for Kfon
You may also like this video