Site iconSite icon Janayugom Online

അമേരിക്കയോട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ തേടി ഇസ്രയേല്‍

ഇറാന്റെ ആണവ പദ്ധതി തകര്‍ക്കുന്നതിനായി അമേരിക്കയോട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ജിബിയു-57 എ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി) എന്ന യുഎസ് ബോംബ് ഭൂമിക്കടിയിലേക്ക് 200 അടി കോണ്‍ക്രീറ്റ് തകര്‍ത്ത് ഇറങ്ങാന്‍ ശേഷിയുള്ളതാണ്. നിരവധി ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ഇതിനകം തകര്‍ത്തെങ്കിലും ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ദോ ആണവ സമ്പുഷ്ടീകരണ പ്ലാന്റിന് ക്ഷതമേല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഒരു മലയുടെ അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പ്ലാന്റ് സാധാരണ വ്യോമാക്രമണങ്ങളില്‍ നിന്ന് പോറലേല്‍ക്കാതെ നിലകൊള്ളുന്നു. 

മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍, യുഎസ് വ്യോമസേനയ്ക്കായി ബോയിങ് വികസിപ്പിച്ചെടുത്ത 30,000 പൗണ്ട് (13,600 കിലോഗ്രാം) ഭാരമുള്ള ബോംബാണ്. ആണവായുധ വികസനത്തിനും മറ്റും ഉപയോഗിക്കുന്നതുപോലുള്ള ഉറപ്പുള്ള ബങ്കറുകളിലേക്കും ആഴത്തില്‍ സ്ഥാപിച്ച സൗകര്യങ്ങളിലേക്കും തുളച്ചുകയറാന്‍ ഇത് പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്നു. 20 അടി നീളമുള്ള ഈ ഭീമന്‍ ബോംബില്‍ ഏകദേശം 5,300 പൗണ്ട് സ്‌ഫോടകവസ്തു ഉണ്ടാവും.
വലിപ്പവും ഭാരവും കാരണം ബി2 സ്പിരിറ്റ് സ്‌റ്റെല്‍ത്ത് ബോംബര്‍ പോലുള്ള തന്ത്രപ്രധാന ബോംബറുകള്‍ക്ക് മാത്രമേ ഇവ വഹിക്കാനാവൂ. ഇസ്രയേലിന്റെ പക്കല്‍ നിലവില്‍ ഈ ബോംബ് വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളില്ല. ബോംബുകള്‍ക്കൊപ്പം ബി2 ബോംബര്‍ വിമാനങ്ങളും അമേരിക്ക ഇസ്രയേലിന് നല്‍കിയാലേ ഫോര്‍ദോയില്‍ ആക്രമണം നടക്കൂ. നിലവില്‍ ഇത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. 

Exit mobile version