Site icon Janayugom Online

അല്‍ ജസീറ നിരോധിച്ച് ഇസ്രയേല്‍; പ്രത്യേക നിയമം പാസാക്കി

aljazeera

ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ നിരോധിച്ച് ഇസ്രയേല്‍. ഇത് സംബന്ധിച്ച ബില്‍ നെസറ്റ് പാസാക്കി. 70–10 വോട്ടുനിലയിലാണ് പാർലമെന്റില്‍ നിയമം പാസാക്കിയത്. വിദേശ ചാനലുകളുടെ ഓഫിസുകള്‍ നിരോധിക്കുന്നതിനുള്ള അധികാരവും നിയമം സർക്കാരിന് നല്‍കുന്നു. രാജ്യത്തെ അല്‍ ജസീറയുടെ എല്ലാ ഓഫിസുകളും ബ്യൂറോകളും അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. 

അല്‍ ജസീറ ഇസ്രയേലിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് നെതന്യാഹു പറഞ്ഞത്. ഹമാസിനെ പിന്തുണയ്ക്കുന്നവരെ നമ്മുടെ നാട്ടില്‍ നിന്ന് നീക്കം ചെയ്യാന്‍ സമയമായിരിക്കുന്നു. ഭീകരവാദ ചാനലായ അല്‍ ജസീറ ഇനി ഇസ്രയേലില്‍ നിന്ന് സംപ്രേഷണം ചെയ്യില്ല. ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചതായും നെതന്യാഹു എക്സില്‍ കുറിച്ചു. 

കഴിഞ്ഞ ജനുവരിയിലുണ്ടായ വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട അല്‍ ജസീറയുടെ മാധ്യമ പ്രവർത്തകനും ഫ്രീലാന്‍സറും ഭീകരവാദികളാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. അല്‍ ജസീറയുടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഹമാസിന്റെ ഡെപ്യൂട്ടി കമാന്‍ഡറാണെന്നും ഇസ്രയേല്‍ വാദമുന്നയിച്ചു. എന്നാല്‍ ഇസ്രയേലിന്റെ ആരോപണങ്ങള്‍ അല്‍ ജസീറ തള്ളുകയും തങ്ങളുടെ ജീവനക്കാരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Israel bans Al Jazeera; A spe­cial law was passed

You may also like this video

Exit mobile version