മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് ഇസ്രയേലിന് കെെമാറി. ഭൗതികാവശിഷ്ടങ്ങൾ കൈമാറിയതായും ഫോറൻസിക് പരിശോധനയ്ക്കയച്ചതായും ഇസ്രയേല്‍ സ്ഥിരീകരിച്ചു. തെക്കൻ ഗാസയിലെ ഒരു തുരങ്കത്തിൽ നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം 17 ബന്ദികളുടെ മൃതദേഹങ്ങളാണ് ഹമാസ് കെെമാറിയത്.
അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കുകയെന്ന ദൗത്യം ദുഷ്കരമായി തുടരുന്നതിനാല്‍ ഏതാനും ദിവസങ്ങൾ കൂടുമ്പോൾ ഒന്നോ രണ്ടോ മൃതദേഹങ്ങൾ മാത്രമാണ് ഹമാസ് വിട്ടുനല്‍കുന്നത്. എന്നാല്‍ ഹമാസ് മനഃപൂര്‍വം ബന്ദി കെെമാറ്റം വെെകിപ്പിക്കുകയാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് ആക്രമണം പുനരാരംഭിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടത്.
ഒരു ബന്ദിയുടെ മൃതദേഹത്തിന് പകരമായി 15 പലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രയേല്‍ വിട്ടുകൊടുക്കണമെന്നാണ് വ്യവസ്ഥ. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം തിരിച്ചെത്തിയ 225 പലസ്തീൻ മൃതദേഹങ്ങളിൽ 75 എണ്ണം മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ, ഇസ്രായേലി കസ്റ്റഡിയിൽ തടവുകാരായി മരിച്ചതാണോ അതോ യുദ്ധസമയത്ത് ഗാസയിൽ നിന്ന് സൈന്യം അവരെ തിരികെ കൊണ്ടുവന്നതാണോ എന്ന് വ്യക്തമല്ല. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിർത്തലിന്റെ പ്രാരംഭ ഘട്ടത്തിലെ കേന്ദ്ര ഭാഗമാണ് ബന്ദികളുടെയും മൃതദേഹങ്ങളുടെയും കെെമാറ്റം.

