Site iconSite icon Janayugom Online

ഗാസയിലേക്കുള്ള വൈദ്യുതി ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചു

ഗാസാ മുനമ്പിലേക്കുള്ള വൈദ്യുതിബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചു. വെടിനിര്‍ത്തല്‍ കരാറിലെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഹമാസിനുമേല്‍ സമ്മര്‍ദം ചെലുത്താനാണ് ഇസ്രയേലിന്റെ നീക്കം. ഭക്ഷണമടക്കമുള്ള സഹായ വിതരണം കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ നിര്‍ത്തിവച്ചിരുന്നു. വൈദ്യുതിയില്ലാതായതോടെ പ്രദേശത്തെ 23 ലക്ഷം ജനങ്ങളുടെ ജീവിതം അതീവ ദുഷ്കരമായി. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകളുടെ സഹായത്തോടെയാണ് നിലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെന്നും ഏറ്റവും പുതിയ തീരുമാനം ഇസ്രയേലിന്റെ പട്ടിണി നയത്തിന്റെ ഭാഗമാണെന്നും എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും വ്യക്തമായി അവഗണിച്ചുവെന്നും ഹമാസ് വക്താവ് ഹസീം ഖസാം പറഞ്ഞു. വെടിനിർത്തലിന്റെ ആദ്യഘട്ടത്തിന്റെ വിപുലീകരണം അംഗീകരിപ്പിക്കാൻ ഹമാസിനെ ഇസ്രയേൽ സമ്മർദത്തിലാഴ്ത്തുകയാണ്. ആദ്യഘട്ടം കഴിഞ്ഞ വാരാന്ത്യത്തിൽ അവസാനിച്ചു. ശേഷിക്കുന്ന ബന്ദികളെയും മോചിപ്പിക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. 

വൈദ്യുതി തട‍ഞ്ഞത് ബന്ദികളാക്കിയവരെ ബാധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. നിലപാടിൽ മാറ്റമില്ല, നിലവാരമില്ലാത്ത ഭീഷണിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണം, ഈജിപ്തില്‍ നിന്നുള്ള മധ്യസ്ഥരുമായുള്ള ആദ്യഘട്ട വെടിനിർത്തൽ ചർച്ച ഞായറാഴ്ച അവസാനിപ്പിച്ചതായും ഹമാസ് പറഞ്ഞു. ചർച്ചകൾക്കായി ഖത്തറിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വൈദ്യുതിയില്ലാതെ പ്രദേശത്തെ കുടിവെള്ള വിതരണവും മുടങ്ങിയിരിക്കുകയാണ്. പമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് പ്രതിദിനം ഏകദേശം 2,500 ക്യുബിക് മീറ്റർ വെള്ളം ഉല്പാദിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. 

Exit mobile version