Site iconSite icon Janayugom Online

കരാര്‍ സാധ്യമാകുമ്പോള്‍ ഇസ്രയേല്‍ അമേരിക്കയെ യുദ്ധത്തിലേക്ക് തള്ളിവിട്ട് വഞ്ചിച്ചു: ഒമാന്‍ വിദേശകാര്യമന്ത്രി

ഇറാനെതിരായ യുഎസ് ‑ഇസ്രയേല്‍ സൈനിക ആക്രമണങ്ങളെ അപലപിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, കരാര്‍ സാധ്യമാകുന്ന ഘട്ടത്തില്‍ ഇസ്രയേല്‍ അമേരിക്കയെ യുദ്ധത്തിലേക്ക് തള്ളിവിട്ട് വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു ഇറാനും ട്രംപ് ഭരണകൂടവും തമ്മിലുള്ള ചര്‍ച്ചകളിലെ പ്രധാന മധ്യസ്ഥരില്‍ ഒരാളായിരുന്നു ബുസൈദി. സമാധാന കരാര്‍ പരിധിയിലിരിക്കെ മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സംയുക്ത ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ബുസൈദി അഭിപ്രായപ്പെട്ടു .

സജീവവും ഗൗരവമേറിയതുമായ ചര്‍ച്ച വീണ്ടും അട്ടിമറിക്കപ്പെട്ടുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. യുദ്ധം അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത് അമേരിക്കയുടെ താത്പര്യങ്ങള്‍ക്കോ ആഗോള സമാധാനത്തിനോ ഗുണകരമല്ല. ദുരിതം അനുഭവിക്കുന്ന നിരപരാധികള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതില്‍ കുടുങ്ങരുതെന്ന് ഞാന്‍ അമേരിക്കയോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് നിങ്ങളുടെ യുദ്ധമല്ല, ബുസൈദി പറഞ്ഞു. സമാധാന കരാര്‍ പരിധിക്കുള്ളിലാണെന്ന് അദ്ദേഹം ഫെയ്‌സ് ദി നേഷനോടും പറഞ്ഞു. ഇറാന്റെ ആണവശേഷിയുമായി ബന്ധപ്പെട്ട കരാറില്‍ പുരോഗതി കൈവരിച്ചതായും ബുസൈദി സൂചിപ്പിച്ചു.

കരാറിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം, ഇറാന് ഒരിക്കലും ആണവ വസ്തു ഉപയോഗിച്ച് ഒരു ബോംബ് നിര്‍മിക്കില്ലെന്ന വ്യവസ്തയില്‍ ഞാന്‍ വിശ്വസിക്കുന്നു, 2015ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കരാറില്‍ അത്തരമൊരു വ്യവസ്ത ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്‍ ആണവ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുമെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പൂജ്യം സംഭരണത്തില്‍പൂര്‍ണവും സമഗ്രവുമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നിലവിലുള്ള സ്റ്റോക്കുകള്‍ സാധ്യമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയ്ക്കുന്നതിനും ഇന്ധനമാക്കി മാറ്റുന്നതിനും ഒരു ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ഇറാനിലുണ്ടായ യുഎസ് — ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥിനികളും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഖാംനഇ കൊല്ലപ്പെട്ടെന്ന് ഇറാനിലെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Exit mobile version