Site iconSite icon Janayugom Online

ഗ്രെറ്റ തുൻബർഗ് ഉൾപ്പെടെ 171 ആക്ടിവിസ്റ്റുകളെ ഇസ്രയേൽ നാടുകടത്തി

ഗ്രെറ്റ തുൻബർഗ് ഉൾപ്പെടെ ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില ദൗത്യത്തിന്റെ ഭാഗമായിരുന്ന 171 ആക്ടിവിസ്റ്റുകളെ ഇസ്രയേല്‍ നാടുകടത്തി. ഗ്രീസിലേക്കും സ്ലൊവാക്യയിലേക്കുമാണ് ഇവരെ നാടുകടത്തിയതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ നാവിക ഉപരോധം തകര്‍ക്കാനും ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കാനും ലക്ഷ്യമിടുന്ന 42 ബോട്ടുകളുടെ വ്യൂഹം അടങ്ങുന്ന ദൗത്യമാണ് ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില. ഗാസ തീരത്ത് നിന്ന് 75 നോട്ടിക്കല്‍ മെെല്‍ അകലെവച്ച് ഇസ്രയേല്‍ സെെന്യം ബോട്ടുകള്‍ തടഞ്ഞ് 450 പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആക്ടിവിസ്റ്റുകള്‍ക്ക് വൃത്തിയുള്ള ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും വൃത്തിഹീനമായ ചുറ്റുപാടിലാണ് താമസിപ്പിച്ചതെന്നും മുമ്പ് തുര്‍ക്കിയിലേക്ക് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ റോമില്‍ തിരിച്ചെത്തിയ ഇറ്റാലിയന്‍ പൗരന്മാരും തങ്ങള്‍ നേരിട്ട ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ചു. ഇസ്താംബൂളിലേക്ക് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകളില്‍ പലരും ഇറ്റലിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

ഇസ്രയേല്‍ സേന വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങളെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഉപദ്രവിച്ചുവെന്ന് ഇറ്റാലിയന്‍ ആക്ടിവിസ്റ്റായ സീസര്‍ ടൊഫാനി പറഞ്ഞു. അക്രമാസക്തരായാണ് ഇസ്രയേല്‍ സേന പ്രവര്‍ത്തകരെ നേരിട്ടത്. കസ്റ്റഡിയിലെടുത്തവര്‍ക്ക് നേരെ തോക്കുചൂണ്ടി. ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അമ്പരപ്പിച്ചുവെന്ന് ഇറ്റലിയിലെ യൂണിയന്‍ ഇസ്ലാമിക് കമ്മ്യൂണിറ്റീസ് പ്രസിഡന്റായ യാസിന്‍ ലഫ്രാം പറഞ്ഞു. ഗ്രെറ്റ തുന്‍ബര്‍ഗിനെയും നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനായ മണ്ട്‌ല മണ്ടേലയും ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെ സൈനികര്‍ പരിഹസിച്ചു. പലപ്പോഴും തരംതാണരീതിയിലാണ് സംസാരിച്ചത്. ചിരിക്കാനുള്ള സാഹചര്യങ്ങള്‍ അല്ലാതിരുന്നിട്ടുകൂടി വെറുതെ കളിയാക്കി ചിരിക്കുകയും ചെയ്‌തെന്നും ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സാവേരിയോ ടൊമാസി വെളിപ്പെടുത്തി.

Exit mobile version