Site iconSite icon Janayugom Online

ഇറാന്റെ ആയുധകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍; ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ച് ഇറാന്‍,

പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ചമുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടതായും 1277 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍, കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരുടെയും സൈനികരുടെയും എണ്ണം ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.

ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 390 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ മൂന്നുറോളം മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഭൂരിഭാഗവും വിവിധ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയാനായെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. എന്നാല്‍, 22-ഓളം മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഭേദിച്ച് ഇസ്രയേലിലെ വിവിധയിടങ്ങളില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ജനവാസമേഖലയിലെ കെട്ടിടങ്ങളിലാണ് ഈ മിസൈലുകള്‍ പതിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇസ്രയേല്‍ തങ്ങളുടെ എണ്ണ സംഭരണശാലകളും എണ്ണപ്പാടങ്ങളും ആക്രമിച്ചതായി ഇറാന്‍ സമ്മതിച്ചു.

Exit mobile version