ഗാസ മുനമ്പിൽ ഹമാസിൻ്റെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപരവുമായ ഒരു തുരങ്കം ഇസ്രായേൽ പ്രതിരോധ സേന (ഐ ഡി എഫ്) കണ്ടെത്തി. 2014ലെ ഇസ്രായേൽ‑ഹമാസ് യുദ്ധത്തിനിടെ ഗാസയിൽ വെച്ച് കൊല്ലപ്പെട്ട ലെഫ്. ഹദർ ഗോൾഡിൻ്റെ ഭൗതികാവശിഷ്ടങ്ങൾ ഹമാസ് സൂക്ഷിച്ചിരുന്നത് ഈ തുരങ്കത്തിലായിരുന്നു. ഈ മാസം ആദ്യമാണ് തുരങ്കത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ അവശിഷ്ടങ്ങൾ ഐ ഡി എഫ് കണ്ടെടുത്തത്.
ഏഴ് കിലോമീറ്ററിലധികം നീളവും 25 മീറ്റർ ആഴവുമുള്ള ഈ തുരങ്കത്തില്‍ ഏകദേശം 80 മുറികളാണ് ഉള്ളത്. ജനസാന്ദ്രതയുള്ള റഫയ്ക്ക് സമീപത്തൂടെ കടന്നുപോകുന്ന ഈ തുരങ്കം പലസ്തീൻ അഭയാർഥികൾ താമസിക്കുന്ന കോമ്പൗണ്ടുകൾ, പള്ളികൾ, ക്ലിനിക്കുകൾ, കിൻ്റർഗാർട്ടനുകൾ എന്നിവയുടെ അടിയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. ആയുധങ്ങൾ സൂക്ഷിക്കുന്നതിനും, ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, താമസത്തിനുമായിട്ടാണ് ഹമാസ് ഇത് ഉപയോഗിച്ചിരുന്നത്. കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ മുഹമ്മദ് സിൻവാറും മുഹമ്മദ് ഷബാനയും ഉൾപ്പെടെയുള്ള മുതിർന്ന കമാൻഡർമാർ കമാൻഡ് പോസ്റ്റുകളായി ഉപയോഗിച്ചിരുന്ന മുറികളും സൈന്യം കണ്ടെത്തിയിട്ടുണ്ട്.

