Site iconSite icon Janayugom Online

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; എണ്ണ വില ഉയരുന്നു

hamashamas

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഇന്ധന വിലയില്‍ പ്രകടമായ വര്‍ധനവിന് വഴിയൊരുക്കുമെന്ന് വിദഗ്ധര്‍. യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് നാല് ശതമാനത്തോളം വര്‍ധിച്ച് 88 ഡോളറിലേക്ക് ഉയര്‍ന്നു. എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് കഴിഞ്ഞ ദിവസം ഒമ്പത് ശതമാനം വര്‍ധന ക്രൂഡോയില്‍ നിരക്കില്‍ വരുത്തിയിരുന്നു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം മൂലം പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ അസംസ്കൃത എണ്ണ വില ഏറെനാള്‍ ഉയര്‍ന്ന തോതില്‍ നില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സുചന. യുദ്ധം നീണ്ടാല്‍ ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറായി ഉയരാനും സാധ്യതയുണ്ട്. 

എണ്ണ വില 10–12 ശതമാനത്തിനപ്പുറം വര്‍ധിപ്പിക്കാതിരിക്കാന്‍ ഒപെക് രാജ്യങ്ങള്‍ ശ്രദ്ധിക്കുന്നതായും അമേരിക്കയുമായി ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്നും കെ ആര്‍ ചോക്സി ആന്റ് സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടര്‍ ദേവന്‍ ചോക്സി അഭിപ്രായപ്പെട്ടു. എന്നാല്‍ സംഘര്‍ഷം നീണ്ടാല്‍ ബ്രെന്റ് ക്രൂഡോയില്‍ വില 12 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ലോകസമ്പദ്ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് വിതരണം അടക്കമുള്ള കാര്യങ്ങളില്‍ നിരവധി പ്രശ്നങ്ങള്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധന്‍ മദന്‍ സബ്നാവിസ് അഭിപ്രായപ്പെട്ടു. 

ഇസ്രയേല്‍— ഹമാസ് അസംസ്കൃത എണ്ണ വിലയില്‍ വര്‍ധനവ് സൃഷ്ടിക്കുമെന്നും എന്നാല്‍ വര്‍ധനവ് ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നുമാണ് എസ്എഎസ് ഓണ്‍ലൈന്‍ സ്ഥാപകനും സിഇഒയുമായ ശ്രേയ് ജെയിന്‍ പറയുന്നത്. ഹ്രസ്വകാല വര്‍ധന മാത്രമാകും പ്രതിഫലിപ്പിക്കുക. എന്നാല്‍ സംഘര്‍ഷം നീണ്ടു നില്‍ക്കുകയും മറ്റ് രാജ്യങ്ങള്‍ പക്ഷം ചേരുകയും ചെയ്താല്‍ വില വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകും. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാന്‍ അടക്കമുള്ള എണ്ണയുല്പാദക രാജ്യങ്ങള്‍ സംഘര്‍ഷത്തിന്റെ ഭാഗമായാല്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകും. സംഘര്‍ഷം നിലവില്‍ എണ്ണയുല്പാദനത്തിന് ഭീഷണി സൃഷ്ടിച്ചിട്ടില്ലെന്നും വിതരണ സംവിധാനത്തിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നും മേത്ത ഇക്വിറ്റീസിലെ സാമ്പത്തിക വിദഗ്ധനായ വി പി രാഹുല്‍ അഭിപ്രായപ്പെട്ടു. താല്‍ക്കാലിക വില വര്‍ധന ഉണ്ടാകുമെന്ന് അദ്ദേഹവും അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry; Israel-Hamas con­flict; Oil prices are rising

You may also like this video

Exit mobile version