Site iconSite icon Janayugom Online

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിലേക്ക്; 33 ബന്ദികളെ ഹമാസ് വിട്ടയക്കും

ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമുള്ള കരട് കരാര്‍ ഹമാസ് അംഗീകരിച്ചതായി സൂചന. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് പ്രതിനിധി സംഘത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ അന്തിമമാക്കുകയാണെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അംഗീകാരത്തിനായി പദ്ധതി ഇസ്രയേൽ കാബിനറ്റിന് സമർപ്പിക്കേണ്ടതുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ക്രിയാത്മകവും ഫലപ്രദവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായി ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. നിയുക്ത പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിനു മുമ്പ് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യുഎസ് ഇസ്രയേലിന് മേല്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. അധികാരമേറ്റാൽ യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ ചര്‍ച്ചയില്‍ കരാര്‍ അന്തിമമാകുമെന്ന പ്രതീക്ഷ വര്‍ധിക്കുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രൂപീകരിച്ചതും യുഎൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ചതുമായ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന് ഘട്ടങ്ങളുള്ള കരാറിന്റെ കരട് രേഖയാണ് ഖത്തര്‍ കെെമാറിയത്. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയ്ക്കും. ഇവരില്‍ അഞ്ച് വനിതാ ഇസ്രയേൽ സൈനികരും ഉൾപ്പെടും. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 30 പേര്‍ ഉള്‍പ്പെടെ 50 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. 42 ദിവസത്തെ ഘട്ടത്തിൽ, ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഇസ്രയേല്‍ പ്രതിരോധ സേന പിന്‍വാങ്ങും. പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കും. ഇതിനു പുറമേ പ്രതിദിനം 600 മാനുഷിക സഹായ ട്രക്കുകള്‍ക്ക് ഗാസയിലേക്ക് കടക്കാന്‍ അനുമതി നല്‍കുമെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. 

രണ്ടാം ഘട്ടത്തിന്റെ വിശദാംശങ്ങൾ ഇക്കാലയളവില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നതുവരെ വെടിനിർത്തൽ തുടരുമെന്ന രേഖാമൂലമുള്ള ഉറപ്പ് കരാറിൽ ഉൾപ്പെട്ടിട്ടില്ല. ആദ്യ ഘട്ടം അവസാനിച്ചതിന് ശേഷം ഇസ്രയേലിന് സൈനിക പ്രചാരണം പുനരാരംഭിക്കാനുള്ള സാധ്യതയാണ് ഇത് നൽകുന്നത്. ആസൂത്രണം ചെയ്തതുപോലെ ചർച്ചകൾ തുടരുമെന്നും ആദ്യ ഘട്ടം അവസാനിക്കുന്നതിന് മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള കരാറിനായി സമ്മർദ്ദം ചെലുത്തുമെന്നും മൂന്ന് മധ്യസ്ഥരും ഹമാസിന് വാക്കാലുള്ള ഉറപ്പ് നൽകിയതായി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. 

Exit mobile version