Site iconSite icon Janayugom Online

ഇസ്രയേല്‍ അധിനിവേശത്തിലേക്ക്; ഗാസയ്ക്കായി ലോകം

സമാധാന ശ്രമങ്ങളെ അവഗണിച്ച് ഇസ്രയേല്‍ കരയുദ്ധത്തിലേക്കെന്ന വ്യക്തമായ സൂചനകള്‍ നല്‍കിയതോടെ ഗാസക്കായി അണിചേര്‍ന്ന് ലോകം. ആഫ്രിക്കന്‍ യൂണിയന്‍, അള്‍ജീരിയ, ബെലൈസ്, ബ്രസീല്‍, കൊളംബിയ, ക്യൂബ, ഇന്തോനേഷ്യ, ഇറാഖ്, അയര്‍ലന്‍ഡ്, കുവൈറ്റ്, മൊറോക്കോ, മലേഷ്യ, മാലദ്വീപ്, നോര്‍വെ, ഒമാന്‍, ഖത്തര്‍, റഷ്യ, സിറിയ, ദക്ഷിണാഫ്രിക്ക, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ എതിര്‍ത്ത് രംഗത്തെത്തി. ഗാസയിലേക്ക് കരയുദ്ധത്തിന് മുതിര്‍ന്നാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയില്‍ നൂറുകണക്കിന് കവചിതവാഹനങ്ങള്‍ വിന്യസിച്ച ഇസ്രയേല്‍ സൈന്യം ഹമാസിനെ പൂര്‍ണമായി അടിച്ചമര്‍ത്തുംവരെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇന്നലെ വ്യക്തമാക്കി.

ഇസ്രയേല്‍ ഒഴിഞ്ഞുപോകാന്‍ അനുവദിച്ച മൂന്നുമണിക്കൂര്‍ സമയപരിധി പിന്നിട്ടതോടെ ഏതുനിമിഷവും ഗാസയില്‍ ഇസ്രയേല്‍ സൈന്യം അധിനിവേശം നടത്തുമെന്നതാണ് സാഹചര്യം. അതിനിടെ യുഎസ് പശ്ചിമേഷ്യന്‍ മേഖലയിലേക്ക് രണ്ടാമത്തെ പടക്കപ്പലും വിന്യസിച്ചു. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ളയും ഇസ്രയേല്‍ സൈന്യത്തിനെതിരായ ആക്രമണം ശക്തമാക്കി. വ്യോമ, കര, നാവിക സേനകളെ ഉൾപ്പെടുത്തി ഏകീകൃത ആക്രമണത്തിനാണ് ഇസ്രയേലിന്റെ പദ്ധതി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ അതിർത്തിക്ക് സമീപം സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ ഗാസയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യം ഇസ്രയേല്‍ അംഗീകരിച്ചിട്ടുണ്ട്.

ഹമാസിന്റെ ഒരു സൈനിക കമാൻഡറെ കൂടി കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം ഇന്നലെ അറിയിച്ചു. ഇസ്രയേലിന്റെ അതിർത്തി ഗ്രാമമായ നീരിം, നീർ ഓസ് എന്നിവിടങ്ങളിൽ ആക്രമണത്തിന് നേതൃത്വം നൽകിയ ബിലാൽ അൽ‑ഗെദ്രേയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹമാസിന്റെ ആന്റി ടാങ്ക് മിസൈൽ ലോഞ്ച് പാഡുകളും നിരീക്ഷണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവയും ഇസ്രയേൽ സേന തകർത്തു.

ഇസ്രയേലിന്റെ പ്രതികാര വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,450 ആയി. 9,200 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്ന് മന്ത്രാലയ വക്താവ് അഷറഫ് അല്‍ ഖിദ്ര പറഞ്ഞു. 724 കുട്ടികള്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഇസ്രയേലില്‍ ഇതുവരെ 1300 പേരാണ് കൊല്ലപ്പെട്ടത്. 3400 പേര്‍ക്ക് പരിക്കേറ്റു. 286 ഇസ്രയേലി സൈനികര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി.

Eng­lish Sum­ma­ry: Israel-Hamas war
You may also like this video

Exit mobile version