ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തിന്റെ 27ാം ദിവസവും ഗാസയില്‍ കൂട്ടക്കുരുതി. കഴിഞ്ഞദിവസം ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ യുഎന്‍ സ്കൂളിനും ബുറേജി അഭയാര്‍ത്ഥി ക്യാമ്പിനും നേരെ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. അഭയാര്‍ത്ഥി ക്യാമ്പിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 15 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ യുദ്ധക്കുറ്റമെന്ന് യുഎന്‍ വിശേഷിപ്പിച്ചു.
ഗാസ സിറ്റി വളഞ്ഞതായും സൈനികര്‍ നഗരത്തിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. കൂടാതെ ലെബനനിലും യെമനിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. ലെബനനിലെ മൂന്ന് ലക്ഷ്യ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അറിയിച്ചു. ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൈനികകേന്ദ്രങ്ങളില്‍ നിന്നാണ് ആക്രമണം നടത്തിയത്. നേരത്തെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങളില്‍ 195 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. കഴിഞ്ഞ മാസം ഏഴുമുതല്‍ ഇതുവരെ 12,000 വ്യോമാക്രമണങ്ങളാണ് ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തിയത്. ആയിരക്കണക്കിന് ലക്ഷ്യകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 9,061 ആയി ഉയര്‍ന്നു. 3760 കുട്ടികള്‍ക്ക് ഉള്‍പ്പെടെ 32,000 പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ്ബാങ്കില്‍ 130 പലസ്തീനികളെ ഇസ്രയേല്‍ കൊലപ്പെടുത്തി.
English Summary: Israel Hamas war
You may also like this video