മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് ബെയ്റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഹാഷിം സഫിദ്ദീനെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ നസ്‌റല്ലയുടെ പിന്‍ഗാമിയായി ഹിസ്ബുള്ളയുടെ നേതൃസ്ഥാനത്തേക്ക് ഹാഷിം സഫിദ്ദീന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഹാഷിം സഫിദ്ദീനെ വധിച്ചുവെന്ന വിവരം ഇസ്രയേല്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
നസ്‌റല്ലയേയും, അയാളുടെ പിന്‍ഗാമിയേയും, നേതൃനിരയേയും ഇല്ലാതാക്കിയെന്ന് ഐഡിഎഫ് ചീഫ് ലെഫ്.ജനറല്‍ ഹെര്‍സി ഹലേവിയും സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. എന്നാല്‍ ഹിസ്ബുള്ള ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മേധാവി കൂടിയാണ് ഹാഷിം സഫിദ്ദീന്‍. ഇയാള്‍ക്ക് പുറമെ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തലവന്‍ അലി ഹുസൈന്‍ ഹസിമ, നിരവധി ഹിസ്ബുള്ള കമാന്‍ഡര്‍മാര്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു. ഹസന്‍ നസ്‌റല്ലയുടെ ബന്ധു കൂടിയാണ് 60കാരനായ ഹാഷിം സഫിദ്ദീന്‍. 2017‑ൽ സഫിദ്ദീനെ തീവ്രവാദിയായി യുഎസ് പ്രഖ്യാപിച്ചിരുന്നു.
ഗാസയിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന് പിൻഗാമിയായി പുതിയ മേധാവി ഉടനുണ്ടാകില്ല. പകരം ദോഹ കേന്ദ്രീകരിച്ചുള്ള അഞ്ചംഗ സമിതി ഹമാസിനെ നിയന്ത്രിക്കുമെന്നാണ് സൂചന. അതേസമയം ഇസ്രയേൽ വകവരുത്തമോയെന്ന ആശങ്കയാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞയാഴ്ചയാണ് വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് മേധാവി യഹ്യ സിൻവാർ കൊല്ലപ്പെട്ടത്. എന്നാൽ തിടുക്കത്തിൽ പുതിയ തലവനെ നിയമിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹമാസ് നേതൃത്വം. അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ട മാർച്ചു വരെ ഈ നില തുടരാനും സംഘടനയ്ക്കുള്ളിൽ ധാരണയായി.
ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെ ഓഗസ്റ്റിൽ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി താത്ക്കാലിക നിയന്ത്രണം ഏറ്റെടുക്കും. ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും പ്രതിനിധികളായി ഖലിൽ അൽ ഹയ്യയും സഹർ ജാബറിനും പലസ്തീൻ സമൂഹത്തെ പ്രതിനിധീകരിച്ച് ഖാലിദ് മെഷാലും സമിതിയിലുണ്ട്. ഹമാസിന്റെ ഷുറ ഉപദേശക സമിതി തലവനായ മുഹമ്മദ് ഡാർവിഷ്, സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത രാഷ്ട്രീയ വിഭാഗം സെക്രട്ടറി എന്നിവരും അംഗങ്ങളാണ്.