Site iconSite icon Janayugom Online

വെസ്റ്റ് ബാങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് പലസ്തീൻ കുട്ടികളെ ഇസ്രയേൽ കൊലപ്പെടുത്തി

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അധിനിവേശ സേന ( ഐഒഎഫ്) നടത്തിയ വെടിവയ്പില്‍ രണ്ട് പലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടു. ഹെബ്രോണിന്റെ തെക്കൻ ഗവർണറേറ്റിലെ ബെയ്റ്റ് ഉമ്മർ പട്ടണത്തിന് സമീപമായിരുന്നു വെടിവയ്പ് നടന്നത്. പലസ്തീൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ അഫയേഴ്‌സ് ബിലാൽ ബരാൻ, മുഹമ്മദ് അബു അയ്യാഷ് എന്നീ 15 വയസുകാരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ പരിശോധിക്കാനോ ചികിത്സ നല്‍കാനോ ആരോഗ്യ പ്രവര്‍ത്തരെ അനുവദിച്ചില്ലെന്നും മൃതദേഹങ്ങള്‍ ഐഒഎഫ് തടഞ്ഞുവച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഒരാഴ്ച മുമ്പ് വെസ്റ്റ് ബാങ്ക് പട്ടണമായ അൽ‑ജുദൈറയിൽ 16 വയസുള്ള മുഹമ്മദ് ഖാസിമിനെയും മുഹമ്മദ് എതയേമിനെയും ഐ‌ഒ‌എഫ് വെടിവച്ച് കൊന്നിരുന്നു. ഈ മാസം 11ന് നബ്ലസിന് തെക്ക് ഭാഗത്തുള്ള വെസ്റ്റ് ബാങ്ക് ഗ്രാമമായ ബീറ്റയ്ക്ക് സമീപം ഒലിവ് പറിക്കുന്നതിനിടെ, ഐ‌ഒ‌എഫ് പ്രയോഗിച്ച കണ്ണീർ വാതക ബോംബുകൾ ശ്വസിച്ച് ഐസാം മാലയെന്ന് 13 വയസുകാരന്‍ മരിച്ചിരുന്നു. 

കഴിഞ്ഞ രണ്ട് മാസങ്ങളായി, ഒലിവ് വിളവെടുപ്പ് കാലത്ത് അധിനിവേശ പ്രദേശങ്ങളിൽ കുടിയേറ്റക്കാരുടെ ആക്രമണത്തിൽ ഗണ്യമായ വർധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും അക്രമാസക്തമായ ഒലിവ് വിളവെടുപ്പ് കാലമാണിത്. ഈ വർഷത്തെ ഒലിവ് വിളവെടുപ്പ് കാലവുമായി ബന്ധപ്പെട്ട് 167 കുടിയേറ്റ ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് 87 പലസ്തീൻ സമൂഹങ്ങളെ ബാധിച്ചുവെന്നും ഐക്യരാഷ്ട്രസഭയുടെ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമൻ അഫയേഴ്‌സ് പറഞ്ഞു. 

നാല് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 30 പലസ്തീനികൾക്കെങ്കിലും ഇസ്രായേലി കുടിയേറ്റക്കാർ പരിക്കേൽപ്പിച്ചു, 650 ലധികം മരങ്ങളും തൈകളും നശിപ്പിച്ചു. അഞ്ച് വാഹനങ്ങൾ, എട്ട് വീടുകൾ, മറ്റ് ഉപജീവനമാർഗ്ഗങ്ങൾ എന്നിവയും കുടിയേറ്റക്കാർ നശിപ്പിച്ചു. വെസ്റ്റ് ബാങ്കിൽ നടക്കുന്ന അക്രമ സംഭവങ്ങൾ ഗാസ മുനമ്പിലെ വെടിനിർത്തലിനെ അപകടത്തിലാക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Exit mobile version