Site iconSite icon Janayugom Online

ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍

ഹിസ്ബുള്ള സംഘത്തെ നിരായുധീകരിക്കാന്‍ സര്‍ക്കാരിന് നല്‍കിയ സമയപരിധി അടുത്തതോടെ തെക്കൻ, വടക്കുകിഴക്കൻ ലെബനനിൽ ഇസ്രയേല്‍ വ്യോമാക്രമണം വര്‍ധിപ്പിച്ചു. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളും അംഗങ്ങള്‍ക്ക് പരിശീലനം നടത്താന്‍ പയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടിലെ ലോഞ്ചിങ് സെെറ്റുകളും ആക്രമിച്ചതായി ഇസ്രയേല്‍ സെെന്യം അറിയിച്ചു.

ആയുധങ്ങൾ സൂക്ഷിച്ചിരുന്നതും ഹിസ്ബുള്ള അംഗങ്ങൾ അടുത്തിടെ പ്രവർത്തിച്ചിരുന്നതുമായ നിരവധി സെെനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതായും ഇസ്രയേല്‍ കൂട്ടിച്ചേര്‍ത്തു. തെക്ക് റിഹാൻ പർവതത്തിലെ പ്രദേശങ്ങളിൽ നിന്ന് സിറിയയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ ഹെർമൽ മേഖല വരെ തീവ്രമായ വ്യോമാക്രമണം നടന്നതായി ലെബനൻ സർക്കാർ നടത്തുന്ന ദേശീയ വാർത്താ ഏജൻസി അറിയിച്ചു. തെക്കൻ പട്ടണമായ തായ്‌ബെയ്ക്ക് സമീപം ഒരു കാറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

ഒരു വർഷം മുമ്പ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്ന കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ആക്രമണമുണ്ടായത്. സെെനികര്‍ മാത്രം ഉള്‍പ്പെട്ട കമ്മിറ്റിയിലേക്ക് സിവിലിയൻ അംഗങ്ങളെ നിയമിച്ചതിന് ശേഷമുള്ള രണ്ടാമത്തെ യോഗമാണിത്. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന യുഎസ്, ഫ്രാൻസ്, യുഎൻ സമാധാന സേന എന്നിവയും കമ്മിറ്റിയില്‍ ഉൾപ്പെടുന്നു.

അതിർത്തി പ്രദേശത്ത് സൈന്യത്തിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള ദൗത്യത്തിൽ സഹായിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി ലെബനൻ ആർമി കമാൻഡർ ജനറൽ റോഡോൾഫ് ഹൈക്കൽ ഇന്നലെ യുഎസ്, ഫ്രഞ്ച്, സൗദി ഉദ്യോഗസ്ഥരുമായി പാരീസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വർഷാവസാനത്തോടെ ലിതാനി നദിയുടെ തെക്ക് ഭാഗത്തുള്ള മുഴുവൻ അതിർത്തി പ്രദേശവും ഹിസ്ബുള്ളയുടെ സായുധ സാന്നിധ്യത്തിൽ നിന്ന് മുക്തമാക്കുമെന്ന് ലെബനനന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Exit mobile version