Site iconSite icon Janayugom Online

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ വീണ്ടും ; നേതാക്കളടക്കം ഹിസ്ബുള്ളയിലെ 400ലേറെ പേര്‍ കൊല്ലപ്പെട്ടു

ലെബനനിലെ പോരാട്ടം കടുപ്പിച്ച് ഇസ്രയേല്‍. ഹിസ്ബുള്ള നേതാക്കന്‍മാരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ 400 ലേറെ അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേലി സൈന്യത്തിന്റെ വക്താവ് അറിയിച്ചു.ബെയ്‌റൂത്തിലെ തെക്കന്‍ പ്രദേശങ്ങളിലാണ് ഹിസ്ബുള്ള നേതാക്കളുടെ താവളങ്ങളെ കേന്ദ്രീകരിച്ചാണ് ആക്രമണം. 

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഹാഷിം സഫൈദിന്റെ വിവരമില്ലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നസ്രള്ളയുടെ ബന്ധുവാണ് ഹാഷിം സഫൈദീന്‍. 1964ല്‍ തെക്കന്‍ ലെബനനിലെ ദേര്‍ ഖനുന്‍ അല്‍-നഹറില്‍ സഫൈദീന്‍ ജനിച്ചത്.

ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട്. 1994 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായി. അന്ന് മുതല്‍ നസ്രള്ളയുടെ പിന്‍ഗാമിയായിയായാണ് അറിയപ്പെട്ടിരുന്നത്. ഇതിനിടെ തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്. ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.

Exit mobile version