Site iconSite icon Janayugom Online

പശ്ചിമേഷ്യയെയാകെ ഇസ്രായേൽ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

പശ്ചിമേഷ്യയെ ആകെ ഇസ്രായേൽ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും യുദ്ധം വ്യാപിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൗദ് പെസശ്കിയാന്‍. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, പശ്ചിമേഷ്യയില്‍ അസ്ഥിരതയുണ്ടാവാന്‍ കാരണക്കാരാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നത് ഇസ്രായേലാണ്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ അന്താരാഷ്ട്ര സമൂഹം മൗനം പുലര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇസ്രയേൽ ഗാസയിൽ ആക്രമണങ്ങൾ തുടങ്ങിയപ്പോൾ മുതൽ ഇറാനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുക്കപ്പെട്ടിരുന്നു. ഇറാനിൽവച്ച് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയഹ് കൊല്ലപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള നില വളരെ വഷളാക്കി. ഡമാസ്കസിലെ ഇറാനിയൻ എംബസിക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. അതിനു തിരിച്ചടി നൽകി ഇറാൻ ഡ്രോൺ,മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. അതേസമയം, ഹിസ്ബുള്ളയെ ലക്ഷ്യമിട്ടെന്ന പേരില്‍ ലബനാനിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ കനത്ത വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 492ലേറെയായി. 1,645 പേര്‍ക്ക് പരിക്കേറ്റു. 

Exit mobile version