Site iconSite icon Janayugom Online

മകന് പിന്നാലെ പിതാവിനെയും കൊലപ്പെടുത്തി ഇസ്രായേൽ; ജനീൻ ഹെലികോപ്ടർ വെടിവെപ്പിൽ മരണം ആറായി

ജനീൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ഹെലികോപ്ടർ വെടിവെപ്പിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഫലസ്തീൻകാരനായ അംജദ് അബൂജാസ് (48) ആണ് മരിച്ചത്. ഇതോടെ മരണം ആറായി. ഈ വർഷം ആദ്യം ഇസ്രായേൽ കൊലപ്പെടുത്തിയ വസീം എന്ന 19 വയസ്സുകാരന്റെ പിതാവാണ് ഇന്ന് മരിച്ച അംജദ് അബൂജാസ്.

അഹ്മദ് സഖർ (15), ഖാലിദ് ദർവീഷ് (21), ഖസ്സാം സരിയ (19), ഖസ്സാം ഫൈസൽ അബൂസിരിയ (29), ഖൈസ് മജിദീ (21) എന്നിവരാണ് ഇന്നല​ത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർ. അഭയാർഥി ക്യാമ്പിലെ 91 പേർക്ക് പരിക്കേറ്റിരുന്നു.

കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് മുന്നോടിയായാണ് ഇസ്രാ​യേൽ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു. എന്നാൽ, രണ്ടു പേരെ തിരഞ്ഞാണ് സൈന്യം ക്യാമ്പിലെത്തിയതെന്നും പ്രതിരോധമുണ്ടായപ്പോൾ തിരിച്ചടിച്ചു എന്നുമാണ് ഇസ്രായേൽ സൈന്യം പറയുന്നത്. സംഘർഷത്തിൽ ഏതാനും ഇസ്രായേൽ സൈനികർക്കും പരിക്കേറ്റു

20 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്നലെ ഫലസ്തീന് നേരെ ഇസ്രായേൽ ഹെലികോപ്റ്റർ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ക്യാമ്പിൽ ടാങ്കറുകളും കവചിത വാഹനങ്ങളുമായി കടന്നുകയറിയ ഇസ്രായേൽ ​സൈനികർക്കെതിരെ ഫലസ്തീൻ പോരാളികൾ ചെറിയ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് മണിക്കൂറുകളോളം പോരാടിയതായി ദൃക്‌സാക്ഷിക​ളെ ഉദ്ധരിച്ച് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. നിരവധി ഇസ്രായേലി സൈനിക വാഹനങ്ങൾ ഇവർ കേടുവരുത്തിയതായും ഏകദേശം 10 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ എട്ട് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

eng­lish sum­ma­ry; Israel killed the father after the son
you may also like this video;

Exit mobile version