Site iconSite icon Janayugom Online

ഹിസ്‌ബുള്ള ഉന്നത നേതാവിനെ വധിച്ച്‌ ഇസ്രയേൽ

ലബനനൻ സായുധസംഘം ഹിസ്ബുളളയുടെ മുതിർന്ന നേതാവിനെ ഇസ്രയേൽ വധിച്ചു. ഞായറാഴ്ച ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് ഹെയ്‌ക്കം അലി തബതബയിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ടുകൾ. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫീസ്‌ ഇക്കാര്യം സ്ഥീരീകരിച്ചതായി വാർത്താ ഏജൻസിയായ അൽ ജസീറ റിപ്പോർട്ട്‌ ചെയ്‌തു. ഹിസ്ബുള്ള സംഘടന ശക്തിപ്പെടുത്താനും ആയുധബലം വിപുലീകരിക്കാനും ചുമതലയുള്ള പ്രധാന നേതാവാണ്‌ കൊല്ലപ്പെട്ടത്‌.

അതേസമയം അമേരിക്കയുടെ മധ്യസ്ഥതയിൽ തയ്യാറാക്കിയ വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴും ഇസ്രയേൽ ഗാസയിൽ കൂട്ടക്കുരുതി തുടരുന്നു. ഏറ്റവും ഒടുവിൽ ശനിയാഴ്‌ച ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ നിലവിൽവന്ന്‌ 44 ദിവസത്തിനിടെ 497 തവണയാണ്‌ ഇസ്രയേൽ കരാർ ലംഘിച്ച്‌ ഗാസയെ ആക്രമിച്ചത്‌. വെടിനിർത്തൽ കരാർ കാറ്റിൽപ്പറത്തിയുള്ള ആക്രമണങ്ങളിൽ 342 പേരാണ്‌ കൊല്ലപ്പെട്ടത്‌. സ്‌ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.അമേരിക്ക മുൻകൈയെടുത്ത്‌ തയ്യാറാക്കിയ ഗാസ സമാധാന കരാർ കഴിഞ്ഞ ഒക്‌ടോബർ പത്തിനാണ്‌ വന്നത്‌. ഇസ്രയേലും ഹമാസും കരാറിൽ ഒപ്പുവച്ചിരുന്നു.

ഈജിപ്തിന്റെയും ഖത്തറിന്റെയും മറ്റ്‌ അറബ്‌ രാജ്യങ്ങളുടെയും പിന്തുണയും കരാറിനുണ്ടായിരുന്നു. ബന്ദികളെ മോചിപ്പിക്കുക, ഗാസയിൽ ദീർഘകാലമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുക, ഗാസയിൽനിന്നുള്ള ഇസ്രയേൽ സേനയുടെ പിൻമാറ്റം, ഗാസയിലെ മനുഷ്യർക്ക്‌ അടിയന്തര സഹായങ്ങളെത്തിക്കു‍ക, ഗാസ പുനർനിർമാണത്തിന്‌ പിന്തുണ നൽകുക തുടങ്ങിയവയായിരുന്നു കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.

Exit mobile version