Site iconSite icon Janayugom Online

ട്രംപ് ആവിഷ്കരിച്ച ബോര്‍ഡ് ഓഫ് പീസ് ഉടമ്പടിയില്‍ പാകിസ്ഥാന്‍ ചേരുന്നതിനെതിരെ ഇസ്രയേല്‍ രംഗത്ത്

ഗാസയുടെ പുനരുദ്ധാരണത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവഷ് കരിച്ച ബോര്‍ഡ് ഓഫ് പീസ് ഉടമ്പടിയില്‍ പാകിസ്ഥാന്‍ ചേരുന്നതിനെതിരെ ഇസ്രയേല്‍ രംഗത്ത്.ഉടമ്പടിയില്‍ ഇരുപതോളം രാജ്യങ്ങള്‍ ഒപ്പിട്ടെങ്കിലും പാകിസ്ഥാന്‍ അംഗമാവുന്നതിനെയാണ് ഇസ്രയേല്‍ എതിര്‍ക്കുന്നത്.ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍വെച്ചാണ് രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പിട്ടത്. 

പാകിസ്ഥാനു വേണ്ടി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. എന്നാൽ, ഗാസയുടെ പുനരുദ്ധാരണത്തിലോ സമാധാനസേനയിലോ പാകിസ്ഥാന് പങ്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. തീവ്രവാദത്തെ പിന്തുണച്ച ഒരു രാജ്യത്തെയും ഗാസയിലേക്കു സ്വീകരിക്കില്ല, അതിൽ പാകിസ്ഥാനും ഉൾപ്പെടുന്നു.തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുടെ പട്ടികയിൽ പാകിസ്ഥാന്‍ ഉൾപ്പെടുത്തിയിട്ടുള്ളതായി ഇസ്രയേൽ ധനമന്ത്രി നിർ ബർക്കത്ത് പറഞ്ഞു. അതേസമയം, ട്രംപിന്റെ പദ്ധതിയിൽ ചേരുന്നത് പാകിസ്ഥാനില്‍ ഇപ്പോഴേ വൻവിമർശനം ഉണ്ട്. അതിനിടയിലാണ് ഇസ്രയേലിന്റെ എതിർപ്പുകൂടി വരുന്നത്. 

പലസ്തീന്റെ താൽപ്പര്യങ്ങൾക്കു വിരുദ്ധമാണ് ട്രംപിന്റെ പദ്ധതിയെന്നാണ് പാകിസ്ഥാനിലെ തീവ്രവിഭാഗങ്ങൾ കരുതുന്നത്.അതേസമയം, ബോർഡ് ഓഫ് പീസ് പദ്ധതിയെ അനുകൂലിച്ച ഇസ്രയേൽ ധനമന്ത്രി ഐക്യരാഷ്ട്ര സഭയേക്കാൾ ഇത് നല്ലതാണെന്നു പ്രശംസിച്ചു. ഖത്തറിനെയും തുർക്കിയെയും അംഗീകരിക്കാത്തതുപോലെ പാകിസ്ഥാനെയും ഞങ്ങൾ അംഗീകരിക്കില്ല.ഗാസയിലെ തീവ്രവാദ സംഘടനയെ അവർ പിന്തുണച്ചിട്ടുണ്ട്. അവരെ ഞങ്ങൾ വിശ്വസിക്കില്ല. നിർ ബർക്കത്ത് പറഞ്ഞു.ട്രംപിന്റെ 20 ഇന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാസ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡ് ഓഫ് പീസ് ആവിഷ്‌കരിച്ചത്.

ഗാസയ്ക്ക് പുറത്തും ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള പുതിയ അന്താരാഷ്ട്ര സംവിധാനമായി ബോർഡ് വർത്തിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, പല രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയെ മറികടക്കുന്നതിനുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. അതേസമയം, ബോർഡ് ഓഫ് പീസി’ൽ അംഗമാവുന്നതിനെതിരേ പാകിസ്ഥാനില്‍ എതിർപ്പ് രൂക്ഷമാവുകയാണ്. ജയിലിലടക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയാണ് ഷരീഫ് സർക്കാരിന്റെ ഉടമ്പടി ഒപ്പിടാനുള്ള തീരുമാനത്തിനെതിരെ ശക്തമായ നിലപാട് എടുത്തത്. 

സമാന്തര ഘടനകൾ സൃഷ്ടിക്കുന്നതിന് പകരം ഐക്യരാഷ്ട്ര സഭയുടെ ബഹുകക്ഷി സംവിധാനത്തെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പാകിസ്ഥാന്‍ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പറഞ്ഞു. ഇക്കാര്യത്തിൽ ദേശീയ ഹിതപരിശോധന വേണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യ, ചൈന തുടങ്ങിയ വൻശക്തികൾ ഉൾപ്പെടെ ഏകദേശം 60 രാജ്യങ്ങളെ ക്ഷണിച്ചെങ്കിലും ദാവോസിൽ 22 രാജ്യങ്ങൾ മാത്രമാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്.

ട്രംപിന്റെ പദ്ധതിക്ക് ഇസ്രയേലും ഹമാസും ഒക്ടോബറിൽത്തന്നെഅംഗീകാരം നൽകിയിരുന്നു.ബോർഡിൽ ചേർന്ന രാജ്യങ്ങൾ: അർജന്റീന, അൽബേനിയ, അർമേനിയ,അസർബൈജാൻ, ബഹ്റൈൻ, ബെലാറസ്, ബൾഗേറിയ, ഈജിപ്റ്റ്, ഹംഗറി, ഇൻഡൊനീഷ്യ,ജോർദാൻ, കസാക്കിസ്ഥാൻ, കൊസോവോ, മൊറോക്കോ, മംഗോളിയ,പാകി്സ്ഥാന്‍ ‚ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇഇ, ഉസ്‌ബെക്കിസ്ഥാൻ, വിയറ്റ്‌നാം. ബോർഡ് ഓഫ് പീസിൽ ചേരാൻ ട്രംപ് ക്ഷണിച്ചിരുന്നെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version