ഇറാൻ ജനതയുടെ ശക്തിയും കഴിവുകളും ഇസ്രായേലിന് മനസിലാക്കി കൊടുക്കണമെന്നും അവർക്ക് മറുപടി നൽകാനുള്ള ഏറ്റവും മികച്ച മാർഗം കണ്ടെത്താൻ ഇറാനിയൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി. രണ്ട് ദിവസം മുൻപ് ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനിൽ ഇസ്രേയൽ നടത്തിയ വ്യോമാക്രമണങ്ങളുടെ ആഘാതം പെരുപ്പിച്ച് കാണിക്കാൻ ഇസ്രയേൽ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഖമനയി.
ഇസ്രയേൽ ആക്രമണത്തെ പെരുപ്പിച്ചുകാണുകയോ, താഴ്ത്തിക്കെട്ടുകയോ ചെയ്യേണ്ടതില്ല. എന്നാൽ ഇസ്രയേൽ ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകളിലെ പാളിച്ചകൾ തകർക്കപ്പെടണം. അവർക്ക് ഇറാനെയോ, ഇറാൻ യുവത്വത്തെയോ, ജനതയെയോ അറിയില്ല- ഖമനയി പറഞ്ഞു. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഒറ്റ രാത്രി കൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമങ്ങൾ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം ഇറാനിലെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞിരുന്നു. തലസ്ഥാനമായ ടെഹ്‌റാനടുത്തും പടിഞ്ഞാറൻ ഇറാനിലുള്ള മിസൈൽ ഫാക്ടറികൾക്കും മറ്റ് സൈറ്റുകൾക്കും നേരെ പുലർച്ചെ നിരവധി ഇസ്രയേലി ജെറ്റുകൾ മൂന്ന് തരംഗ ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കമുണ്ടായത്. ടെഹ്‌റാന് സമീപമുള്ള പാര്‍ച്ചിന്‍ എന്ന കൂറ്റന്‍ സൈനിക സമുച്ചയമാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെഹ്‌റാന് അടുത്തുള്ള മിസൈല്‍ നിര്‍മാണ കേന്ദ്രമായ ഖോജിറും ഇസ്രയേല്‍ ആക്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.