വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. ബെയ്ത്ത് ലാഹിയയില്‍ കഴിഞ്ഞ ദിവസവും ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തെ തുടർന്ന് പലായനം ചെയ്തവരെ അധിവസിപ്പിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേൽ ആക്രമിച്ചത്. അതേസമയം വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രി സമുച്ചയത്തിൽ നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങിയിരുന്നു. കമൽ അദ്‌വാൻ ആശുപത്രിയിൽ നിന്ന് ആരോഗ്യ പ്രവർത്തകരെയും രോഗികളെയും സൈന്യം കസ്റ്റഡിയിലെടുത്തതായി പലസ്തീൻ എൻക്ലേവ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ചയായിരുന്നു കമൽ അദ്‌വാൻ ആശുപത്രി ഇസ്രയേൽ സൈന്യം ആക്രമിച്ചത്. ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ആരോഗ്യ പ്രവർത്തകരെയും രോഗികളെയും പിന്നീട് ഇസ്രയേൽ വിട്ടയച്ചിരുന്നു. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും തകര്‍ന്നിരുന്നു. ഗാസയിലും ലബനനിലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും വ്യാപക ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തുന്നത്.