Site iconSite icon
Janayugom Online

ഗാസ സൈനികമുക്തമാക്കണമെന്ന് ഇസ്രയേല്‍

ഗാസയില്‍ നിന്ന് ഹമാസ് പൂര്‍ണമായും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്സ്. മുനമ്പിനെ പൂര്‍ണമായും സൈനികമുക്തമാക്കാതെ രണ്ടാം ഘട്ടവെടിനിര്‍ത്തലിന് ഇസ്രേയല്‍ തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രേയേലും ഹമാസും തമ്മില്‍ ധാരണയിലായ ഒന്നാംഘട്ട വെടിനിര്‍ത്തല്‍ ശനിയാഴ്ച അവസാനിച്ചു. രണ്ടാംഘട്ടത്തിനായുള്ള ചര്‍ച്ച വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം അതേസമയം, പലസ്തീൻ ജനത തങ്ങളുടെ മാതൃരാജ്യം വിട്ടുപോകില്ലെന്ന്‌ പലസ്തീൻ അതോറിറ്റി പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ പറഞ്ഞു.

ഗാസ വിഷയം ചർച്ച ചെയ്യാൺ കെയ്‌റോയിൽ അറബ്‌ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാസനിവാസികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കത്തെ പൂർണമായും തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഗാസയിൽ വെടിനിർത്തലിനായുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന്‌ ഉച്ചകോടിയിൽ പങ്കെടുത്ത യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു. ഗാസയെ വെറുതേ പുനർനിർമിക്കുകയല്ല, അവിടുത്തെ ജനങ്ങളുടെ സ്വാഭിമാനവും സ്വയംനിർണയാവകാശവും അംഗീകരിക്കുകയാണ്‌ വേണ്ടത്‌. ഏതുതരത്തിലുള്ള വംശഹത്യയും അംഗീകരിക്കാനാകില്ല. സ്വതന്ത്ര പലസ്തീനെ അംഗീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ പരിഹാരം മാത്രമാണ്‌ മാർഗം അദ്ദേഹം പറഞ്ഞു. 

Exit mobile version