Site iconSite icon Janayugom Online

ഇസ്രയേല്‍ ഇന്ത്യയെ പഠിപ്പിക്കുന്നത്

ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സഖ്യസർക്കാരിന്റെ നീക്കത്തിനെതിരെ ഇസ്രയേലിൽ ജനകീയ പ്രതിഷേധം നടക്കുകയാണ്. തെരുവുകളെ ഇളക്കിമറിച്ച് പതിനായിരക്കണക്കിന് ഇടതുപക്ഷ ബഹുജന പ്രവര്‍ത്തകര്‍ റാലികൾ നടത്തുന്നു. പ്രക്ഷോഭം അടിച്ചമർത്താനുള്ള ഭരണകൂടശ്രമത്തിന്റെ ഭാഗമായി പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. സമരക്കാര്‍ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒത്തുകൂടിയതോടെ ടെൽ അവീവിലെയും തീരദേശ നഗരമായ ഹൈഫയിലെയും ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. 1980കൾക്ക് ശേഷം ഇതുവരെയുണ്ടായിട്ടില്ലാത്ത വമ്പന്‍ പ്രതിഷേധ പ്രകടനങ്ങളാണവിടെ നടക്കുന്നത്. വിവാദമായ ജുഡീഷ്യൽ പരിഷ്കരണ നിയമവുമായി മുന്നോട്ടുപോകാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്റെ നീക്കമാണ് ജനകീയ പ്രതിഷേധങ്ങള്‍ക്ക് കാരണം. സുപ്രീം കോടതിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന ബില്‍, രാജ്യത്തിന്റെ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നാണ് വിമര്‍ശനം. ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമനിർമ്മാണത്തിന് തുടക്കമിട്ടപ്പോള്‍ മന്ത്രിസഭയിലടക്കം കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. എതിര്‍പ്പുയര്‍ത്തിയ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കി. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് തന്നെ എതിര്‍പ്പ് അറിയിച്ചിട്ടും നിയമവുമായി മുന്നോട്ടു പോവുകയായിരുന്നു നെതന്യാഹു. ഇസ്രയേലില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന് ഒട്ടേറെ പഠിക്കാനുണ്ട് ഇന്ത്യക്ക്. ജനവിരുദ്ധവും ഏകാധിപത്യപരവുമായ നിയമനിര്‍മ്മാണങ്ങള്‍ തുടരെനടത്തുന്ന മോഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പലപ്പോഴും ശിഥിലമാവുകയാണ്. മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ നീണ്ട സമരത്തിലൂടെ പിന്‍വലിപ്പിച്ച കര്‍ഷകരുടെ സംഘശക്തിയൊഴികെ മറ്റെല്ലാം വേറിട്ട പ്രതിഷേധങ്ങളായതുകൊണ്ട് ഏകാധിപത്യ ഭരണകൂടത്തിന് ഒട്ടും ഭീഷണിയായില്ല. ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ നിയമപരിഷ്കരണം താരതമ്യത്തിന് വിധേയമാക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ:  നീതിന്യായ വ്യവസ്ഥയിലെ വൈരുധ്യം


2023 ജനുവരിയിലാണ് ഇസ്രയേലിലെ നീതിന്യായ വ്യവസ്ഥയിലും അധികാര സന്തുലിതാവസ്ഥയിലും വലതുപക്ഷം മാറ്റങ്ങളുടെ പരമ്പര നിർദേശിച്ചത്. ഉപപ്രധാനമന്ത്രിയും നീതിന്യായ മന്ത്രിയുമായ യാരിവ് ലെവിന്‍, നെസെറ്റിന്റെ(പാര്‍ലമെന്റ്) ഭരണഘടന, നിയമം, നീതിന്യായ സമിതി ചെയർമാനായ സിംച റോത്‌മാൻ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. ജുഡീഷ്യൽ നിയമനങ്ങളില്‍ സുപ്രീം കോടതിയുടെ അധികാരം പരിമിതപ്പെടുത്തി, സർക്കാരിന് കൂടുതല്‍ നിയന്ത്രണം നൽകുന്നതും നിയമോപദേശകരുടെ അധികാരം കുറച്ച് നിയമനിർമ്മാണത്തിലും പൊതുനയരൂപീകരണത്തിലും ജുഡീഷ്യറിയുടെ സ്വാധീനം തടയുന്നതുമാണ് പരിഷ്കരണം. നെസെറ്റ് നടത്തുന്ന നിയമനിർമ്മാണം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിക്ക് പ്രഖ്യാപിക്കാം. എന്നാല്‍ നിയമ നിര്‍ദേശം വീണ്ടും അവതരിപ്പിക്കുകയും ഭൂരിപക്ഷം അംഗങ്ങള്‍ അംഗീകാരം നൽകുകയും ചെയ്താല്‍ വിധി മറികടക്കാൻ പരിഷ്കാരം നെസെറ്റിനെ അനുവദിക്കുന്നു. ജുഡീഷ്യൽ സെലക്ഷൻ കമ്മിറ്റിയുടെ ഘടന മാറ്റാനുള്ള കോടതികളുടെ അധികാരം കുറയ്ക്കുക വഴി ജഡ്ജിമാരുടെ നിയമനത്തിന്റെ നിയന്ത്രണം സർക്കാരിന് നൽകാനും ലക്ഷ്യമിടുന്നു. ഇതിനെതിരെയാണ് ഇസ്രയേല്‍ തെരുവുകള്‍ പ്രക്ഷുബ്ധമായത്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എയർ ക്രൂ, ആക്രമണ ഡ്രോൺ ഓപ്പറേറ്റർമാര്‍, ഇന്റലിജൻസ് ഓഫിസർമാര്‍ ഉൾപ്പെടെ റിസർവ്ഡ് എയർഫോഴ്സ് ഉദ്യോഗസ്ഥർ രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് റിസർവ് സൈനികർ സെെന്യത്തിൽ ചേരാൻ വിസമ്മതിച്ചു. പണിമുടക്കിലേക്ക് പോകുമെന്ന് ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വിഷയത്തിൽ സമവായത്തിലെത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ‍ജോ ബെെഡനും ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനോട് ആവശ്യപ്പെട്ടു. പക്ഷേ നിയമപരിഷ്കരണവുമായി മുന്നോട്ടുപോയ നെതന്യാഹു ഇന്നലെ നിയമം പാസാക്കിയെടുത്തു.


ഇതുകൂടി വായിക്കൂ: നീതിന്യായ വ്യവസ്ഥയിലെ പുതിയ സൂചനകള്‍


നീതിപീഠത്തിന്റെ അധികാരങ്ങള്‍ കവര്‍ന്ന് സര്‍വാധിപത്യം സ്ഥാപിക്കാനുള്ള നെതന്യാഹുവിന്റെ ശ്രമത്തിന് സമാനമായ നീക്കങ്ങള്‍ നമ്മുടെ രാജ്യത്തും ശക്തമായി നടക്കുകയാണ്. സുപ്രീം കോടതി കൊളീജിയത്തിന്റെ ‘ജനാധിപത്യ വിരുദ്ധത’ ഉയര്‍ത്തിക്കാട്ടി മോഡി ഭരണകൂടത്തിലെ ഉന്നതര്‍ നീതിപീഠത്തിനു മുകളില്‍ സര്‍ക്കാരിന് ആധിപത്യം സ്ഥാപിക്കാനുള്ള അനുകൂലപരിസരം ഒരുക്കിയെടുക്കാനാണ് ശ്രമം നടത്തുന്നത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുന്ന സുപ്രീം കോടതി കൊളീജിയവുമായി മോഡി സര്‍ക്കാര്‍ നിരന്തരം തുടരുന്ന ഏറ്റുമുട്ടല്‍ വാര്‍ത്തകളില്‍ നിറയുമെങ്കിലും രാജ്യത്ത് പൊതുവായ പ്രതിഷേധം ഉയര്‍ന്നുകണ്ടിട്ടില്ല. ആഭ്യന്തരമന്ത്രി അമിത്ഷാ, നിയമമന്ത്രിയായിരുന്ന കിരണ്‍ റിജിജു എന്നിവര്‍ തുടര്‍ച്ചയായി കൊളീജിയത്തിനെതിരെ പൊതുവേദികളില്‍ പ്രസംഗിച്ചു. കൊളീജിയത്തെക്കാള്‍ അധികാരം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനാണ് എന്നാണ് റിജിജു പലതവണ ആവര്‍ത്തിച്ചത്. ഇക്കഴിഞ്ഞ ജനുവരി 11ന് ജയ്‌പൂരില്‍ നടന്ന ഓള്‍ ഇന്ത്യാ പ്രിസൈഡിങ് ഓഫിസേഴ്സ് കോണ്‍ഗ്രസിലെ പ്രസംഗത്തില്‍ സുപ്രീം കോടതി കൊളീജിയത്തെ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ഖര്‍ തന്നെ വിമര്‍ശിച്ചപ്പോള്‍, കോടതികളെ കാല്‍ക്കീഴിലാക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന ശ്രമത്തിന്റെ ആഴമാണ് വെളിപ്പെട്ടത്. ന്യായാധിപരെ ന്യായാധിപര്‍ തന്നെ തിരഞ്ഞെടുക്കുന്നുവെന്ന ആക്ഷേപം കൊളീജിയത്തിനെതിരെ ഉയര്‍ത്താമെങ്കിലും ഭരണഘടനയ്ക്കും അത് വ്യാഖ്യാനിക്കേണ്ട ജുഡീഷ്യറിക്കും മുകളിലാണ് പാര്‍ലമെന്റ് എന്ന് പറയാനാകുന്ന തരത്തിലല്ല ഭരണഘടനയിലെ മൗലിക ഘടനയുടെ ഭാഗമായ അധികാര വിഭജനം. എന്നിട്ടും കേന്ദ്രനീക്കത്തിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നൊഴികെ വലിയ പ്രതിഷേധമൊന്നും രാജ്യത്ത് ഉയര്‍ന്നുകേട്ടില്ല. ഇസ്രയേല്‍ തെരുവുകള്‍ ചൂണ്ടിക്കാണിക്കുന്ന വഴി തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ നിയമവാഴ്ചയും സംഘ്പരിവാറിന് കീഴ്പ്പെടാന്‍ സാധ്യതയുണ്ട്.

Exit mobile version