Site iconSite icon Janayugom Online

യുഎസ് ഉല്പന്നങ്ങളുടെ തീരുവ പിന്‍വലിച്ച് ഇസ്രയേല്‍

ട്രംപിന്റെ പകരച്ചുങ്ക ഭീഷണയില്‍ യുഎസ് ഉല്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന തീരുവകള്‍ പിന്‍വലിച്ച് ഇസ്രയേല്‍. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ചുമത്തുന്ന മുഴുവന്‍ തീരുവകളും പിന്‍വലിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇസ്രയേലിന്റെ ഏറ്റവും വലിയ വ്യാപാരകക്ഷിയാണ് യുഎസ്. കണക്കുകള്‍ പ്രകാരം, 2024ല്‍ 34 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇസ്രയേലും യുഎസും തമ്മില്‍ നടത്തിയത്. യുഎസ് ഉല്പന്നങ്ങളുടെ തീരുവ ഒഴിവാക്കാനുള്ള തീരുമാനം ധനകാര്യമന്ത്രി നിര്‍ ബറാകാത് കൂടി ഒപ്പുവയ്ക്കുന്നതോടെ പ്രാബല്യത്തിലെത്തും. വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നേരത്തെ യുഎസും ഇസ്രയേലും സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പുവച്ചിരുന്നു. കരാര്‍ അനുസരിച്ച് 98 ശതമാനം യുഎസ് ഉല്പന്നങ്ങള്‍ക്കും ഇസ്രയേല്‍ തീരുവ ചുമത്തുന്നില്ല. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ തീരുവ ചുമത്തുന്നത്.
അതിനാല്‍ തന്നെ തീരുവ ഒഴിവാക്കാനുള്ള തീരുമാനം രാഷ്ട്രീയ ഇടപെടല്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് 40 വര്‍ഷത്തെ പഴക്കമുണ്ട്. 2024ല്‍ യുഎസിലേക്കുള്ള ഇസ്രയേല്‍ കയറ്റുമതി 17.2 ബില്യണ്‍ ഡോളറും ഇറക്കുമതി 9.2 ബില്യണ്‍ ഡോളറുമായിരുന്നു. 2024ല്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ ഇസ്രയേല്‍ കയറ്റുമതി നടത്തിയത് ചൈനയിലേക്കാണ്. ഏകദേശം 13.5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി. അതേസമയം, യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ തീരുവകള്‍ ഒഴിവാക്കാന്‍ തായ‍‍്‍ലന്‍ഡ് സര്‍ക്കാരും പദ്ധതിയിടുന്നതായി അ­ന്താ­രാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version