Site iconSite icon Janayugom Online

ബെയ്റൂട്ടിൽ ഹോട്ടലിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; നാല് പേർ കൊല്ലപ്പെട്ടു, വീഡിയോ

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹോട്ടലിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രമായ റൗഷെയിലെ റമദ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ ഉന്നത കമാൻഡർമാരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയത്.

ഞായറാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധത്തെത്തുടർന്ന് തെക്കൻ ലെബനനിൽ നിന്നും ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും പലായനം ചെയ്ത നിരവധി കുടുംബങ്ങൾ ഈ ഹോട്ടലിൽ അഭയം തേടിയിരുന്നു. ആക്രമണത്തെത്തുടർന്ന് പേടിച്ച ആളുകൾ ഹോട്ടലിൽ നിന്നും ഒഴിഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ എക്സിലൂടെ പുറത്തുവന്നത്.

ഈ ആഴ്ച ബെയ്റൂട്ട് മേഖലയിലെ ഹോട്ടലുകൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇറാന്റെ ഖുദ്‌സ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ പറയുമ്പോഴും, സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്നതിൽ അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിലുള്ള ആശങ്കയുയര്‍ത്തുന്നുണ്ട് ലെബനനിലെ വിവിധയിടങ്ങളിലായി നടന്ന മറ്റ് ആക്രമണങ്ങളിൽ പന്ത്രണ്ടോളം പേരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ രാജ്യം ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പ്രതികരിച്ചു.

Exit mobile version