Site iconSite icon Janayugom Online

ഗാസയിലെ രണ്ട് പ്രധാന ആശുപത്രികള്‍ക്ക് നേരേ ഇസ്രയേലി വ്യോമാക്രമണം

ഗാസയിലെ രണ്ട് പ്രധാന ആശുപത്രികള്‍ക്ക് നേരെ ഇസ്രയേലി വ്യോമാക്രമണം. ഖാന്‍ യുനിസിലെ നാസര്‍ ആശുപത്രിക്ക് മുന്നിലുള്ള രണ്ട് ടെന്റുകള്‍ പുലര്‍ച്ചെ ബോംബിങ്ങില്‍ കത്തിയമര്‍ന്നു.. പലസ്‌തീൻ ടുഡെ ഓൺലൈനിലെ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. ആറ്‌ ലേഖകരും ആരോഗ്യപ്രവർത്തകരുമടക്കം ഒമ്പതുപേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ദെയ്‌ർ അൽബലായിലെ അൽഅഖ്‌സ ആശുപത്രിക്ക്‌ മുന്നിൽ ബോംബുകൾ പതിച്ച്‌ മൂന്നുപേർക്ക്‌ പരിക്കേറ്റു.

ഇസ്രയേലി ആക്രമണം ശക്തമാക്കിയതിനെ തുടർന്ന്‌ ഗാസാനിവാസികൾ ആശുപത്രിവളപ്പിനുള്ളിൽ ടെന്റടിച്ചാണ്‌ ഉറങ്ങുന്നത്‌. ഇവരാണ്‌ ബോംബിങ്ങിന്‌ ഇരകളായത്‌. ഗാസയുടെ വിവിധയിടങ്ങളിൽ നടന്ന മറ്റ്‌ ആക്രമണങ്ങളിൽ തിങ്കളാഴ്‌ച 28 പേർ കൊല്ലപ്പെട്ടു.പലസ്‌തീൻ ജനതക്കെതിരെ കര–-വ്യോമ ആക്രമണം ശക്തമാക്കിയ ഇസ്രയേൽ ഗാസാമുനമ്പിന്റെ 50 ശതമാനം പ്രദേശത്തും ആധിപത്യം സ്ഥാപിച്ചു. വെടിനിർത്തൽ ഉടമ്പടി ഏകപക്ഷീയമായി ലംഘിച്ച്‌ ആക്രമണം പുനരാരംഭിച്ച ഇസ്രയേൽ ഗാസയുടെ ചെറിയ കോണുകളിലേക്ക്‌ പലസ്‌തീൻകാരെ ആട്ടിപ്പായിച്ചതായി അന്താരാഷ്‌ട്ര ഏജൻസികളെ ഉദ്ധരിച്ച്‌ അൽ ജസീറ റിപ്പോർട്ട്‌ചെയ്‌തു.

Exit mobile version