Site iconSite icon Janayugom Online

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; അഞ്ച് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു

ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന. ഹമാസിന്റെ ആന്റി ടാങ്ക് മിസൈൽ വിഭാഗം തലവൻ കമൽ അബ്ദ് അൽ റഹ്‌മാൻ മുഹമ്മദ് ഔവാദ്, ആയുധ നിർമ്മാണ വിഭാഗത്തിലെ അഹ്‌മദ് തബേത്ത് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. വ്യാഴാഴ്ച ഗാസ സിറ്റിയിൽ ഇസ്രയേൽ സൈനികർക്ക് നേരെ നടന്ന റോക്കറ്റ് വിക്ഷേപണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

അതേസമയം, ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായും 17 പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട മുഹമ്മദ് ഔവാദ് ഹമാസ് നേതാവല്ലെന്നും ഒരു സാധാരണ പൗരനാണെന്നുമാണ് ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിന്റെ അവകാശവാദത്തോട് ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രൂക്ഷമായ ആക്രമണത്തെത്തുടർന്ന് പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.

2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഗാസയിൽ ഇതുവരെ 439 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നത്. ഗാസയുടെ പുനർനിർമ്മാണവും ഭരണനിർവഹണവും ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ബോർഡ് ഓഫ് പീസ്’ സമിതിയെ യുഎസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ഹമാസിന്റെ നിരായുധീകരണവും സമാധാന സേനയെ വിന്യസിക്കുന്നതും ഉൾപ്പെടെയുള്ള നിർണ്ണായക ദൗത്യങ്ങളാകും ഈ സമിതിക്ക് ഉണ്ടാവുക.

Exit mobile version