Site iconSite icon Janayugom Online

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഒരു മരണം, ഏഴുപേർക്ക് പരിക്ക്

ലെബനന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ വ്യോമാക്രമണം. ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. എംസേലേ എന്ന ഗ്രാമത്തിന് നേർക്കായിരുന്നു വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം. ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ സംഭരിച്ച സ്ഥലത്താണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ന്യായീകരിച്ചു. യന്ത്രങ്ങൾ വിൽക്കുന്ന ഒരു സ്ഥലത്ത് ബോംബ് വർഷിക്കുകയും നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

യു എസിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ 14 മാസത്തെ ഇസ്രായേൽ‑ഹിസ്ബുള്ള യുദ്ധം അവസാനിച്ചെങ്കിലും, ഇസ്രയേൽ ഇപ്പോഴും ദിവസേന വ്യോമാക്രമണങ്ങൾ തുടരുകയും ഡസൻ കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ നഷ്ടം സംഭവിച്ചശേഷം ഹിസ്ബുള്ള തങ്ങളുടെ സൈനിക ശേഷി പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. വെള്ളിയാഴ്ച, ലെബനീസ് ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് രാജ്യത്തിനുള്ളിൽ ഭീകരാക്രമണങ്ങൾ, ബോംബാക്രമണങ്ങൾ, കൊലപാതകങ്ങൾ എന്നിവയ്ക്ക് തയ്യാറെടുപ്പുകൾ നടത്തിയ ഒരു ഇസ്രായേൽ ചാരശൃംഖല കണ്ടെത്തി തകർത്തതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെ വ്യോമാക്രമണം ഉണ്ടായത്.

Exit mobile version