Site iconSite icon Janayugom Online

ഇസ്രായേൽ ആക്രമണം; യെമനിലെ ഹൂതി സൈനിക കമാൻഡർ മുഹമ്മദ് അൽ ഗമാരി കൊല്ലപ്പെട്ടു

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ യെമനിലെ പ്രമുഖ ഹൂതി സൈനിക കമാൻഡർ മുഹമ്മദ് അബ്ദുൾ കരീം അൽ ഗമാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഹൂതികൾ ഔദ്യോഗികമായി മരണ വിവരം പുറത്തുവിട്ടത്. അൽ ഗമാരിയുടെ 13 വയസ്സുള്ള മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിലാണ് അൽ ഗമാരിക്ക് ജീവൻ നഷ്ടമായതെന്ന് ഹൂതികൾ അറിയിച്ചു. 

സെപ്റ്റംബർ അവസാനത്തോടെ യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യം സൻആയിലെ ഹൂതികളുടെ ജനറൽ സ്റ്റാഫ് ആസ്ഥാനമായിരുന്നു എന്ന് ഇസ്രായേൽ സൈന്യം നേരത്തെ സൂചന നൽകിയിരുന്നു. ഓഗസ്റ്റ് 28ന് സൻആയിൽ നടന്ന വ്യോമാക്രമണത്തിലാണ് അൽ ഗമാരിക്ക് പരിക്കേറ്റതെന്നാണ് ഇസ്രായേൽ സേനയുടെ വിശദീകരണം. അന്നത്തെ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് റഹാവി അടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ശത്രു രാജ്യവുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇസ്രായേൽ ചെയ്തതിന് ശക്തമായ പ്രതികാരം ചെയ്യുമെന്നും ഹൂതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version