Site iconSite icon Janayugom Online

ലബനനില്‍ ഇസ്രയേല്‍ വെടിവപ്പ്;രണ്ട് മരണം, 17 പേര്‍ക്ക് പരിക്ക്

ലബനനിൽ ഇസ്രയേൽ വെടിവപ്പ്‌. തെക്കൻ ലബനനിൽ തിങ്കളാഴ്ച ഇസ്രയേൽ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഞായറാഴ്ച തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ സൈന്യം 22 പേരെ കൊലപ്പെടുത്തി. ഹിസ്ബുള്ളയുമായുള്ള യുദ്ധം അവസാനിപ്പിച്ച വെടിനിർത്തൽ കരാറിന്റെ നിബന്ധനകൾ ലെബനീസ് രാഷ്ട്രം പൂർണമായി നടപ്പാക്കിയിട്ടില്ലെന്നാണ്‌ ആക്രമണത്തിൽ ഇസ്രയേലിന്റെ വാദം. ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള 60 ദിവസത്തെ സമയപരിധിക്കപ്പുറം സൈന്യം തെക്കൻ ലബനനിൽ തുടരുമെന്ന് ഇസ്രയേൽ വെള്ളിയാഴ്‌ച അറിയിച്ചിരുന്നു.

നവംബർ 27നാണ്‌ ഇസ്രയേൽ — ലബനൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്‌. അറുപത്‌ ദിവസത്തിനുള്ളിൽ ലിറ്റാനി നദിയുടെ തെക്ക് ഭാഗങ്ങളിൽ നിന്ന് ഹിസ്ബുള്ളയുടെ സൈന്യത്തെയും ആയുധങ്ങളും നീക്കം ചെയ്യണം, ലബനീസ് സൈന്യം മേഖലയിലേക്ക് വിന്യസിക്കുന്നതിനാൽ ഇസ്രയേൽ സൈന്യം ഇവിടെ നിന്ന്‌ പിൻവാങ്ങണം എന്നായിരുന്നു കരാറിൽ പറഞ്ഞിരുന്നത്‌. ഇതാണ്‌ ലംഘിക്കപ്പെട്ടത്‌.

അമേരിക്കയും ഫ്രാൻസും ചേർന്ന് നടത്തിയ വെടിനിർത്തൽ കരാർ ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും അംഗീകരിക്കുകയായിരുന്നു. വെടിനിർത്തൽ പദ്ധതി ചർച്ചചെയ്യാൻ വേണ്ടി നവംബറിൽ വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ലബനനും ഇസ്രയേലും സന്ദർശിച്ചു. എന്നാൽ വെടിനിർത്തൽ കരാർ എത്രകാലം നിലനിൽക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇസ്രയേൽ സൈന്യം പൂർണമായും പിൻമാറുന്നതുവരെ തെക്കൻ ലബനനിലെ അതിർത്തി മേഖലയിലെ വീടുകളിലേക്ക്‌ ജനങ്ങൾ വരരുതെന്ന്‌ ലബനീസ്‌ സൈന്യം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ടായിരുന്നു. 

Exit mobile version