Site iconSite icon Janayugom Online

ഡിറ്റണേറ്റര്‍ ഉപയോഗിച്ച് ലെബനന്‍ കെട്ടിടം തകര്‍ത്ത് ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍

ഇസ്രയേലിചാനല്‍ അവതാരകന്‍ ഡിറ്റണേറ്റര്‍ ഉപയോഗിച്ച് ലെബനന്‍ കെട്ടിടം തകര്‍ക്കുന്നതായി വീഡിയോ. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമാണ് ഈ മാധ്യമപ്രവര്‍ത്തകനെതിരെ ഉയരുന്നത്.ചാനല്‍ 12ലെ വാര്‍ത്താ അവതാരകനായ ഡാനി കുഷ്മാരോയാണ് ലെബനന്‍ കെട്ടിടം തകര്‍ത്തത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കുഷ്മാരോ ഹെല്‍മറ്റും ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ധരിച്ച് നില്‍ക്കുന്നതായി കാണാം.അവതാരകന്റെ സമീപത്തായി ഇസ്രയേലി സൈനികരും യൂണിഫോമില്‍ നില്‍ക്കുന്നുണ്ട്.സ്‌ഫോടകവസ്തുവിന്റെ പ്രവര്‍ത്തനം എങ്ങനയാണെന്നും റിമോര്‍ട്ട് എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും സൈനികര്‍ അവതാരകന് വിവരിച്ച് നല്‍കുന്നുണ്ട്.തുടര്‍ന്ന് റിമോര്‍ട്ടിലെ കൗണ്ട് ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ അവതാരകന്‍ ഡിറ്റണേറ്റര്‍ ബട്ടണ്‍ അമര്‍ത്തി കെട്ടിടം തകര്‍ക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

ലോഹ ആവരണത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ നിറച്ച സംവിധാനമാണ് ഡിറ്റണേറ്റർ.ഇതിനുപുറമെ വടക്കന്‍ ഇസ്രയേലിയില്‍ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ലെബനന്‍ ഉപയോഗിച്ച കെട്ടിടം സമീപത്തുണ്ടെന്നും സൈനികര്‍ പറയുന്നുണ്ട്. കൂടുതല്‍ സ്‌ഫോടനങ്ങളുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്.പ്രചരിക്കുന്ന വീഡിയോയില്‍ സ്‌ഫോടനം നടന്ന സ്ഥലം ഏതാണെന്ന് വ്യക്തമാക്കുന്നില്ല. എന്നാല്‍ ദൃശ്യങ്ങള്‍ ആഗോള തലത്തില്‍ ചര്‍ച്ചയായതോടെ കുഷ്മാരോക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തി. അവതാരകന്റെ പ്രവൃത്തി പത്രപ്രവര്‍ത്തന ധാര്‍മികതയുടെ ലംഘനമാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്.

ഗാസയിലെ ഇസ്രയേല്‍ വംശഹത്യ പുറംലോകത്തെത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അന്യായമായി തടവിലാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കുഷ്മാരോയുടെ നീക്കം.ചാനല്‍ 12 അവതാരകന്റെ പ്രവൃത്തിയെ ന്യൂയോര്‍ക്ക് ഹാരെറ്റ്സിന്റെ ലേഖകന്‍ നെച്ചിന്‍ ഒരു തരം അസുഖംഎന്നാണ് വിശേഷിപ്പിച്ചത്. ഇടതുപക്ഷ പാര്‍ട്ടിയായ ഹദാഷ് എംപി ഓഫര്‍ കാസിഫ് ചാനലിന്റെ നീക്കം വിരോധാഭാസമാണെന്നും ചൂണ്ടിക്കാട്ടി.

സമീര്‍ കാസിര്‍ ഫൗണ്ടേഷന്റെ എസ്‌കീസ് സെന്റര്‍ ഫോര്‍ മീഡിയ ആന്റ് കള്‍ച്ചറല്‍ ഫ്രീഡം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, 2023ല്‍ 12 ലെബനീസ് മാധ്യമപ്രവര്‍ത്തകരെ ഇസ്രയേലി സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തില്‍ മാത്രമായി ഒമ്പത് മാധ്യമപ്രവര്‍ത്തകരെയായണ് ഇസ്രയേല്‍ കൊലപ്പെടുത്തിയത്.അതേസമയം ലെബനനിലെ ഹസ്ബയ പട്ടണത്തില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

Exit mobile version