Site iconSite icon Janayugom Online

കൈകള്‍ കെട്ടി കമഴ്ത്തിക്കിടത്തിയ പലസ്തീന്‍ തടവുകാരുടെ വീഡിയോ ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പങ്കുവെച്ചത് വിവാദമാകുന്നു

ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കൈകള്‍ കെട്ടി കമഴ്ത്തിയ പലസ്തീന്‍ തടവുകാരുടെ വീഡിയോ പങ്കുവെച്ചത് വിവാദമാകുന്നു. തീവ്രവാദികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും, തടവുകാരെ അധിക്ഷേപിക്കുകയും ചെയ്തു. ഹമാസ് തടവിലാക്കിയ ഇസ്രയിലികളോടുള്ള ക്രൂരതയ്ക്കുള്ള പ്രതികരാമാണ് ഈ പ്രവൃത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഈ വിഷയം ചര്‍ച്ചയായിരിക്കുകയാണ്.

തന്റെ സ്വകാര്യ ടെലിഗ്രാം ചാനലിലാണ് ബെന്‍ഗ്വിര്‍ ഈ വീഡിയോ പങ്കുവെച്ചത്. ഇസ്രയേല്‍ പതാകയ്ക്ക് മുന്നില്‍ കമഴ്ത്തി കിടിത്തിയിരിക്കുന്ന പലസ്തീനികളുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇതില്‍ തടവുകാരെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.നമ്മുടെ കുട്ടികളെയും സ്ത്രീകളെയും കൊല്ലാന്‍ വന്നവരാണിവര്‍. ഇപ്പോള്‍ അവരെ ഒന്ന് നോക്കൂ. ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ട്.തീവ്രവാദികള്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടത്, ബെന്‍ ഗ്വിറിന്റെ പരാമര്‍ശം. ഇസ്രയേല്‍ ജയിലുകളിലെ വിപ്ലവത്തില്‍ താന്‍ അഭിമാനിക്കുന്നതായും സെല്ലുകളുടെ ചുമതല കൂടിയുള്ള ബെന്‍ ഗ്വിര്‍ പറയുന്നുണ്ട്. 

ഇസ്രയേലിലെ ജയിലുകളില്‍ ഇന്ന് പുഞ്ചിരിയില്ല. ഒരു വേനല്‍ക്കാല ക്യാമ്പിന് പകരം പ്രതിരോധമാണുള്ളത്. ചിരികളെല്ലാം തങ്ങള്‍ മായ്ക്കുകയാണെന്നും ബെന്‍ ഗ്വിര്‍ വീഡിയോയില്‍ പറയുന്നു. ഏതെങ്കിലും പലസ്തീന്‍ തീവ്രവാദിയോട് തന്റെ ജയിലിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു നോക്കൂ. അവര്‍ ഭയന്ന് വിറയ്ക്കുമെന്നും ബെന്‍ ഗ്വിര്‍ അവകാശപ്പെട്ടു.പലസ്തീന്‍ സായുധ സംഘടനായ ഹമാസ്, 2023 ഒക്ടോബര്‍ ഏഴിന് തടവിലാക്കിയ ഇസ്രയേലികളെ പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെട്ടാണ് ബെന്‍ ഗ്വിറിന്റെ ഈ ക്രൂരത.സെപ്റ്റംബറില്‍ഗാസയിലേക്ക് മാനുഷിക സഹായവുമായി തിരിച്ച ഫ്‌ലോട്ടില്ല കപ്പലുകളില്‍ നിന്ന് ഇസ്രേയേല്‍ കസ്റ്റഡിയിലെടുത്ത ഗ്രെറ്റ തെന്‍ബെര്‍ഗ് അടക്കമുള്ളവരെ തീവ്രവാദികളെന്ന് വിളിക്കുന്ന ബെന്‍ ഗ്വിറിന്റെ വീഡിയോ അടുത്തിടെ രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു.

കഴിഞ്ഞ ദിവസം പലസ്തീനികളെ കൊലപ്പെടുത്തിയ ജൂതന്മാരും ഇസ്രയേലികളുമായ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലി പ്രസിഡന്റിന് കത്തയച്ച പാര്‍ലമെന്റ് അംഗങ്ങളില്‍ ബെന്‍ ഗ്വിറും ഉണ്ടായിരുന്നു.പൊതുമാപ്പ് നല്‍കി പ്രതികളെ വിട്ടയക്കണമെന്നായിരുന്നു ബെന്‍ ഗ്വിര്‍ അടക്കമുള്ള ഇസ്രേയേല്‍ ജനപ്രതിനിധികളുടെ ആവശ്യം. പലസ്തീനികളെ കൊലപ്പെടുത്തിയ കേസുകളില്‍ തടവില്‍ കഴിയുന്ന 25 പേര്‍ക്കെങ്കിലും പൊതുമാപ്പ് നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

Exit mobile version