Site iconSite icon Janayugom Online

ഗാസയില്‍ നടക്കുന്നത് ഇസ്രയേല്‍ കടന്നാക്രമണം: പലസ്തീൻ അംബാസിഡർ

പലസ്തീൻ അംബാസിഡർ അബ്ദള്ള എം എ ഷവേഷ് സിപിഐ സംസ്ഥാന ആസ്ഥാനമായ എം എന്‍ സ്മാരകം സന്ദര്‍ശിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ച് ഉപഹാരം നല്‍കി. തുടര്‍ന്ന് നേതാക്കളുമായും മാധ്യമപ്രവര്‍ത്തകരുമായും അദ്ദേഹം സംസാരിച്ചു.

ഗാസയില്‍ യുദ്ധം എന്നതല്ല ശരിയെന്നും ഗാസക്കെതിരായ കടന്നാക്രമണമാണ് നടക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു. 65,000ത്തോളം പൗരന്മാരാണ് കൊല്ലപ്പെട്ടത്. 12,000 മുതല്‍ 15,000 വരെ ആളുകള്‍ അപ്രത്യക്ഷരായി. അവര്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടോ എന്നുമറിയില്ല. അവിടെയുള്ള യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ പ്രയത്നിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മനപൂര്‍വം കൊലചെയ്യുകയാണെന്നും ഷവേഷ് പറഞ്ഞു. എതിര്‍ക്കുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തുകയാണ് സാമ്രാജ്യത്വത്തിന്റെ പതിവെന്നും പലസ്തീന്‍ പോരാട്ടത്തെ ആദ്യം പിന്തുണച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ദേഹത്തിന് ഉപഹാരം നല്‍കി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ്ബാബു, മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പി പി സുനീര്‍, മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി, രാജാജി മാത്യു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version