Site iconSite icon Janayugom Online

വെസ്റ്റ് ബാങ്കില്‍ സുരക്ഷാ സേനയ്ക്കെതിരെ ഇസ്രയേലി കുടിയേറ്റക്കാരുടെ ആക്രമണം

അധിനിവേശ വെസ്റ്റ് ബാങ്കില്‍ സുരക്ഷാ സേനയ്ക്കെതിരെ ഇസ്രയേലി കുടിയേറ്റക്കാരുടെ ആക്രമണം. സെെനിക വാഹനങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ക്കും തീയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മധ്യ വെസ്റ്റ് ബാങ്കിലെ ബെന്യാമിന്‍ റീജിയണല്‍ ബ്രിഗേഡ് ബേസ് കമാന്‍ഡര്‍ക്കെതിരെയുള്ള പ്രതിഷേധമാണ് ആക്രമണത്തില്‍ കലാശിച്ചത്. 

വെള്ളിയാഴ്ച രാത്രി കാഫർ മാലിക് എന്ന പലസ്തീൻ ഗ്രാമത്തിനടുത്തുള്ള സെെനിക മേഖലയിലേക്ക് കുടിയേറ്റക്കാര്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ കമാന്‍ഡര്‍ക്കും പരിക്കേറ്റിരുന്നു. കുടിയേറ്റക്കാരുടെ ആക്രമണത്തിൽ മൂന്ന് പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനു പിന്നാലെ ആറ് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ബ്രിഗേഡ് ബേസ് ക്യാമ്പിനു മുന്നില്‍ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. സെെനികര്‍ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിനു ശേഷമാണ് ആക്രമിച്ചത്. 

ഭീകരാക്രമണങ്ങൾ തടയാൻ സഹായിക്കുന്ന സംവിധാനങ്ങൾ അടങ്ങിയ സെെനിക കേന്ദ്രം ഇസ്രയേലി സിവിലിയന്മാർ തീയിട്ടു നശിപ്പിച്ചുവെന്ന് സെെന്യം പ്രസ്താവനയില്‍ അറിയിച്ചു. നിയമം അനുസരിക്കുന്ന ഒരു രാജ്യത്തിനും സൈനിക കേന്ദ്രം കത്തിക്കുന്നത് പോലുള്ള അക്രമങ്ങളും അരാജകത്വവും അനുവദിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സംഭവത്തിനു പിന്നാലെ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് സുരക്ഷാ ഏജൻസികളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങളെയും അവര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെയും മനുഷ്യാവകാശ സംഘടനകള്‍ ദീര്‍ഘകാലമായി ആശങ്ക ഉന്നയിക്കുന്നുണ്ട്. 

Exit mobile version