ഒക്ടോബറിലെ വെടിനിർത്തൽ കരാറിനുശേഷവും ഗാസ മുനമ്പിൽ ആക്രമണങ്ങളുമായി ഇസ്രയേൽ. ഗാസയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈക്കിൾ യാത്രിയാത്രികരായ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലിന്റെ സൈനിക നിയന്ത്രണത്തിലുള്ളതും ഗാസയെ വിഭജിക്കുന്ന വെടിനിർത്തൽ രേഖയ്ക്ക് സമീപത്തുള്ളതുമായ കിഴക്കൻ ഡീർ അൽ-ബലാഹിലാണ് ഇവർ ആക്രമണത്തിനിരയായത് എന്ന് അൽ-അഖ്‌സ മാർട്രയേഴ്‌സ് ആശുപത്രി അധികൃതർ അറിയിച്ചു. മഗസി അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേലി വെടിവെപ്പിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹവും തങ്ങൾക്ക് ലഭിച്ചതായി അവർ പറഞ്ഞു.
വെടിനിർത്തൽ ലംഘനം ഉണ്ടാവുകയോ സൈനികർക്കുനേരെ ആക്രമണം ഉണ്ടാകുകയോ ചെയ്താൽ പ്രതികരിക്കും എന്നായിരുന്നു അവർ നേരത്തേ പറഞ്ഞത്. എന്നാൽ, ഈ രണ്ട് ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഇസ്രായേലി സൈന്യം ഇതുവരെയും പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം 586 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുള്ളതായി ഗാസ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ മൊത്തം 72,037 പേർ കൊല്ലപ്പെട്ടതായി മന്ത്രാലയം കൂട്ടിച്ചേർത്തു. ഹമാസ് നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ഭാഗമായ ഈ മന്ത്രാലയം യുദ്ധമരണങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഏജൻസികളും സ്വതന്ത്ര വിദഗ്ധരും ഈ കണക്കുകൾ വിശ്വസനീയമായി കണക്കാക്കുന്നുമുണ്ട്.
ഒക്ടോബർ 10‑ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും പലതവണയായി ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയും കരാർ ലംഘനം നടത്തുകയും ചെയ്തിട്ടുണ്ട്.

