Site iconSite icon Janayugom Online

ഗാസയ്ക്ക് ഇസ്രയേലിന്റെ അന്ത്യശാസനം

തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യുന്നതിനായി 48 മണിക്കൂറിനു മുമ്പ് തുറന്ന മാനുഷിക പാത അടയ്ക്കുന്നതായി ഇസ്രയേല്‍ മുന്നറിയിപ്പ്. ഗാസ സിറ്റി ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഗാസ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് നഗരം ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങളും തീവ്രതയും വര്‍ധിപ്പിക്കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്. 

ഇസ്രയേല്‍ സൈന്യത്തിന്റെ അറബ് ഭാഷാ വക്താവ് അവിചി അഡ്റായി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ നിമിഷം മുതല്‍ തെക്കന്‍ മേഖലയിലേക്ക് സഞ്ചരിക്കാനുള്ള സല അല്‍ ദിന്‍ റോഡ് അടയ്ക്കുകയാണ്. ഹമാസിനെയും മറ്റ് സംഘടനകളെയും നശിപ്പിക്കാനുള്ള അതിശക്തമായ നീക്കങ്ങള്‍ നടത്തുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അല്‍ റാഷിദിലൂടെ മാത്രമാണ് ഇനി തെക്കന്‍ മേഖലയിലേക്ക് നീങ്ങാന്‍ കഴിയുക, പ്രദേശവാസികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും കുറിപ്പില്‍ പറയുന്നു. ഗാസയുടെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ് സലാ അല്‍ ദിന്‍. ബുധനാഴ്ചയാണ് പാത താല്‍ക്കാലികമായി തുറന്നുനല്‍കിയതായി ഇസ്രയേല്‍ പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷമായി ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരുകയാണ്. ചൊവ്വാഴ്ചയുണ്ടായ കനത്ത വ്യോമാക്രമണത്തെ തുടര്‍ന്ന് 72 മണിക്കൂറിനുള്ളില്‍ 60,000 പേരാണ് പലായനം ചെയ്തത്. 

ഹമാസ് ശക്തികേന്ദ്രമായ ഗാസയില്‍ നിന്ന് കഴിഞ്ഞ മാസം മാത്രം നാലര ലക്ഷം പൗരന്മാര്‍ പലായനം ചെയ്തുവെന്നാണ് ഇസ്രയേലിന്റെ കണക്കുകള്‍. ഒരിക്കല്‍ വാണിജ്യ, സാംസ്കാരിക കേന്ദ്രങ്ങളായിരുന്ന ഗാസന്‍ നഗരപ്രദേശങ്ങള്‍ ആള്‍ത്താമസമില്ലാത്തയിടങ്ങളായി മാറിക്കഴിഞ്ഞുവെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേല്‍ ഇന്നലെ ഗാസ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Exit mobile version