Site iconSite icon Janayugom Online

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഭൂമിയിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമിയിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതി എസ് വിജയന്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. നേരത്തെ വിചാരണ കോടതി തള്ളിയ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു വിജയന്‍. 

കേസില്‍ നിന്നും രക്ഷപ്പെടാന്‍ നമ്പി നാരായണന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേന്ദ്രനാഥ് കൗല്‍, ഡിവൈഎസ്പി ഹരിവത്സന്‍ എന്നിവര്‍ക്ക് ഭൂമി നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഭൂമി വാങ്ങി നല്‍കിയെന്ന് തെളിയിക്കാന്‍ സാധിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വിജയന് സാധിച്ചില്ല. 

രേഖകള്‍ ഇല്ലാത്തതിനാലാണ് വിജയന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഭൂമി വാങ്ങിയതിന് തെളിവ് ഉണ്ടെങ്കില്‍ വിചാരണ കോടതിയില്‍ പുതിയ ഹരജി നല്‍കാമെന്ന് ഹൈക്കോടതി അറിയിച്ചു. നമ്പി നാരായണന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഹരജിയില്‍ ഉണ്ട്. 24 രേഖകളും എസ് വിജയന്‍ ഇതിനായി വിചാരണ കോടതിയില്‍ ഹാരജാക്കിയിരുന്നു.

Eng­lish Sum­ma­ry : isro case land trans­ac­tion enquiry plea reject­ed by high court

You may also like this video :

Exit mobile version