Site iconSite icon Janayugom Online

പറന്നുയർന്നതിന് പിന്നാലെ കോക്പിറ്റിൽ പുക; ഇസ്താംബൂളിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

കോക്പിറ്റില്‍ പുക കണ്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി വിമാനം. തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലേക്ക് പോയ വിമാനമാണ് പുക കണ്ടതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഈജിപ്ത് എയറിന്റെ എയർബസ് A320 നിയോ (MS738) വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെ കോക്പിറ്റിൽ പുക പടരുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ട്രാഫിക് കൺട്രോൾ സെന്ററിൽ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്യുകയും തിരിച്ചിറങ്ങാൻ അനുമതി തേടുകയുമായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി ഇസ്താംബുൾ വിമാനത്താവളത്തിലെ ഫയർ ഫൈറ്റിങ് സംഘം റൺവേയിൽ സജ്ജമായി നിന്നു. വിമാനം എമർജൻസി ലാൻഡിങ് നടത്തുന്നതിന്റെയും അഗ്നിശമനസേനയും ആംബുലൻസും സ്ഥലത്തേക്ക് പാഞ്ഞെത്തുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.

വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കി. തുടർന്ന് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ വിമാനത്തിന് സാങ്കേതിക തകരാറുകളോ മറ്റ് പ്രശ്നങ്ങളോ കണ്ടെത്താനായില്ല. പുക ഉയർന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് അടിയന്തര ലാൻഡിങ് നടത്തിയത്. മൂന്ന് മണിക്കൂർ വൈകിയാണെങ്കിലും പരിശോധനകൾ പൂർത്തിയാക്കി വിമാനം കെയ്‌റോയിലേക്ക് യാത്ര തുടർന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 

Exit mobile version