Site icon Janayugom Online

ഗുജറാത്തില്‍ ഇസുധാൻ ഗധ്വി ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ആംആദ്മി പാര്‍ട്ടി ഗുജറാത്തിലെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറി ഇസുധാന്‍ ഗധ്വിയുടെ നേതൃത്വത്തിലാകും അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുക. 

പാര്‍ട്ടി അധ്യക്ഷൻ കൂടിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഗധ്വിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയല്ല, ഭാവി മുഖ്യമന്ത്രിയെയാണ് താന്‍ പ്രഖ്യാപിക്കുന്നതെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. ഗുജറാത്തിലെ പ്രമുഖ ടെലിവിഷൻ ജേണലിസ്റ്റും വാര്‍ത്താവതാരകനുമായിരുന്നു ഗധ്വി. 2021ലാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

വിടിവിയില്‍ രാത്രി എട്ട് മുതല്‍ ഒമ്പത് വരെ അദ്ദേഹം അവതരിപ്പിച്ചിരുന്ന മഹാമന്തൻ എന്ന പരിപാടിയുടെ ജനപ്രീതി പരിഗണിച്ച് 9.30 വരെയാക്കിയിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളായിരുന്നു ഈ പരിപാടിയില്‍ ചര്‍ച്ച ചെയ്തിരുന്നത്. കര്‍ഷകരും സാധാരണക്കാരുമായ ആളുകള്‍ തന്നില്‍ ഒരു രക്ഷകനെ കാണുന്നുണ്ടെന്നും അതിനാല്‍ ആംആദ്മിക്ക് സംസ്ഥാനത്ത് വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒബിസി വിഭാഗമായ ഗധ്വി സമുദായക്കാരനായതും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഘടകമായി. ഗുജറാത്തില്‍ ഒബിസി ജനസംഖ്യ 48 ശതമാനമാണ്. ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍.

Eglish Sum­mery: Isu­dan Gad­hvi announced as AAP’s CM face in Gujarat
You may also like this video

Exit mobile version