Site iconSite icon Janayugom Online

ഐടി നിയമ ഭേദഗതി: ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം

ഐടി നിയമ ഭേദഗതികളെ രൂക്ഷമായഭാഷയില്‍ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി. സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടാകാമെന്നും എന്നാല്‍ ‘ഉറുമ്പിനെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കേണ്ടതില്ലെന്നും’ കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഗൗതം പട്ടേല്‍, നീലാ ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം.
ഐടി നിയമങ്ങളില്‍ എന്തിനാണ് ഭേദഗതി വരുത്തിയതെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞ കോടതി എന്താണ് ശരി, എന്താണ് തെറ്റ് അല്ലെങ്കില്‍ കള്ളം എന്ന് പറയാനുള്ള പൂര്‍ണ അധികാരം സര്‍ക്കാരിന് നല്‍കുന്നതാണ് പുതിയ ഭേദഗതി എന്നും നിരീക്ഷിച്ചു. സര്‍ക്കാര്‍ എന്നത് പൗരന്മാര്‍ ഉള്‍പ്പെടുന്നതാണ്. അതുകൊണ്ടുതന്നെ പൗരന്മാര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശമുണ്ട്. സര്‍ക്കാര്‍ ഉത്തരം നല്‍കാൻ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു.
ചില ഉള്ളടക്കങ്ങള്‍ ശരിയെന്നും മറ്റു ചിലത് തെറ്റെന്നുമുള്ള അതിര്‍വരമ്പുകള്‍ എന്തിന് സൃഷ്ടിച്ചെന്നും കോടതി ചോദിച്ചു.
രണ്ടു പ്രാവശ്യം സര്‍ക്കാരിന്റെ സത്യവാങ്മൂലം വായിച്ചിട്ടും ഏതാണ് അതിര് എന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് പട്ടേല്‍ പറഞ്ഞു. ഭേദഗതി നിയമങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന ഫാക്ട് ചെക്കിങ് യൂണിറ്റിനെ ആര് നിരീക്ഷിക്കുമെന്നും കോടതി ചോദിച്ചു. യൂണിറ്റ് തര്‍ക്കമറ്റ രീതിയിലും സത്യസന്ധതയിലും പ്രവര്‍ത്തിക്കുമെന്നത് തോന്നല്‍ മാത്രമാണെന്ന് ജസ്റ്റിസ് പട്ടേല്‍ വിലയിരുത്തി.
ഐടി നിയമങ്ങളിലെ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ബഞ്ച്. സ്റ്റാൻഡപ്പ് ഹാസ്യതാരം കുനാല്‍ കമ്ര, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് ഇന്ത്യൻ മാഗസിൻ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഭേദഗതി ഏകപക്ഷീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ബാധിക്കുമെന്നും പരാതിക്കാര്‍ വാദിച്ചു.

eng­lish sum­ma­ry; IT Act Amend­ment: Crit­i­cism by Bom­bay High Court
you may also like this video;

YouTube video player
Exit mobile version