ഇൻഫര്‍മേഷൻ ടെക്നോളജി ഭേദഗതി നിയമം 2023 സാധുത സംബന്ധിച്ച ഹര്‍ജിയില്‍ ഭിന്നവിധി പുറപ്പെടുവിച്ച് ബോംബെ ഹൈക്കോടതി.
പുതിയ നിയമത്തിലെ ചട്ടം മൂന്ന് അനുസരിച്ച് വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന് ഫാക്ട് ചെക് യൂണിറ്റ് രൂപീകരിക്കാമെന്ന് പ്രതിപാദിക്കുന്നുണ്ട്. ഇതിനെതിരെയുള്ള ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ ജി എസ് പട്ടേല്‍, നീല ഗോഖലെ എന്നിവര്‍ ഭിന്നവിധി പുറപ്പെടുവിച്ചത്. സ്റ്റാന്റപ്പ് കൊമേഡിയൻ കുനാല്‍ കാംമ്ര, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ദി അസോസിയേഷൻ ഓഫ് ഇന്ത്യൻ മാഗസിൻ, ദി ന്യൂസ് ബ്രോഡ്കാസ്റ്റ് ആന്റ് ഡിജിറ്റല്‍ അസോസിയേഷൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പട്ടേല്‍ പരാതിക്കാര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും വ്യവസ്ഥ റദ്ദാക്കുകയും ചെയ്തപ്പോള്‍ ജസ്റ്റിസ് ഗോഖലെ പരാതി തള്ളുകയായിരുന്നു.
നിയമത്തിലെ ചട്ടങ്ങള്‍ ഏകപക്ഷീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും മുതിര്‍ന്ന അഭിഭാഷകരായ നവ്‌റോസ് സീര്‍വായ്, അരവിന്ദ് ദാത്താര്‍, ഷാദൻ ഫരാസാട്, ഗൗതം ഭാട്ടിയ എന്നിവര്‍ ചൂണ്ടിക്കാട്ടി. അനുച്ഛേദം 19(2) അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് പുതിയ നിയമമെന്നും നടപടി എടുക്കുന്നതിന് മുമ്പായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാത്തതിനാല്‍ സ്വാഭാവിക നീതി ലംഘിക്കപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏതൊക്കെ വിവരം പ്രസിദ്ധപ്പെടുത്തണം എന്നത് സംബന്ധിച്ച് സര്‍ക്കാരിന് കുത്തക അവകാശം നല്‍കാൻ നിയമം കാരണമാകുമെന്നും ഫാക്ട് ചെക് യൂണിറ്റിന്റെ ഉത്തരവുകള്‍ നിര്‍ബന്ധമായി പാലിക്കപ്പെടേണ്ടതാണെന്നും നിര്‍ദേശം മാത്രമല്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍, ഇടനിലക്കാര്‍, സര്‍ക്കാര്‍, മറ്റുള്ളവര്‍ എന്നിവരുടെ മൗലിക അവകാശങ്ങള്‍ കൂടി കണക്കിലെടുത്താണ് നിയമം രൂപീകരിച്ചിരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിക്കാതിരിക്കല്‍ മാത്രമാണ് ഉദ്ദേശമെന്നും സര്‍ക്കാരിനെതിരെയുള്ള അഭിപ്രായങ്ങളോ വിമര്‍ശനങ്ങളോ തടയുന്നില്ലെന്നും ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കുന്നില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.
കോടതി വിധി പ്രസ്താവിക്കുന്നതു വരെ ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിക്കില്ലെന്ന് ഇലക്ട്രോണിക്സ് മന്ത്രാലയം അറിയിച്ചിരുന്നു.
English Summary: IT Act: Divided judgement in Bombay High Court
You may also like this video