ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേൾക്കാമെന്നും അറിയിച്ചു. കൊച്ചിയില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസിലാണ് നടിയെ മൂന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ലക്ഷ്മിയുടെ അറസ്റ്റ് ഓണാവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും വരെ കോടതി തടഞ്ഞത്.
ഈ മാസം 24 നാണ് നഗരത്തിലെ ബാറില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കലാശിച്ചത്. ലക്ഷ്മി മേനോനും ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളും കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് ഉപേക്ഷിച്ചെന്നാണ് ഐടി ജീവനക്കാരനായ യുവാവിന്‍റെ പരാതിയിൽ പറയുന്നത്. നടിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അനീഷ്, മിഥുന്‍, സോനാമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് ലക്ഷ്മി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ
സമീപിച്ചത്.

