Site iconSite icon Janayugom Online

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; നടി ലക്ഷ്മിക്ക് മുൻകൂർ ജാമ്യം

ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി ആർ മേനോന് മുൻകൂർ ജാമ്യം അനുവദിച്ചു. കുറ്റകൃത്യം ഗുരുതരമാണെങ്കിലും, ഇരു കൂട്ടരുടേയും സത്യവാങ്മൂലം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അറിയിച്ചു. കേസിൽ മൂന്നാം പ്രതിയാണ് നടി ലക്ഷ്മി ആർ മേനോൻ. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികൾ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിക്ക് ജാമ്യം അനുവദിച്ചത്.
നടിയുടെ അറസ്റ്റ് കോടതി നേരത്തെ താൽക്കാലികമായി വിലക്കിയിരുന്നു. 

എറണാകുളത്തെ ഒരു ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതെന്നാണ് കേസ്. മലയാളത്തിലും തെന്നിന്ത്യയിലും ശ്രദ്ധേയയായ നടി ലക്ഷ്മി മേനോനെ കേസിൽ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. വെലോസിറ്റി ബാറിൽ വെച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. നേരത്തെ, പരാതിക്കാരനാണ് ലൈംഗിക അധിക്ഷേപം നടത്തുകയും ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തതെന്ന് ലക്ഷ്മി കോടതിയെ അറിയിച്ചിരുന്നു.

Exit mobile version