Site iconSite icon Janayugom Online

ഇട റോഡുകളിൽ മയക്ക് മരുന്ന് ഇട്ടശേഷം വാങ്ങുന്നവരെ ടെലിഗ്രാമിലൂടെ അറിയിക്കും; ഒടുവില്‍ മാരക മയക്കുമരുന്നുമായി ഐടി വിദഗ്ധന്‍ അറസ്റ്റില്‍

MDMAMDMA

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്ന് വിതരണം ചെയ്യുന്ന “നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം” എന്ന മയക്ക് മരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയായ ഐടി വിദഗ്ധൻ എംഡിഎംഎയുമായി പിടിയിൽ.

ഇലക്ട്രോണിക് എഞ്ചിനിയറിംഗ് ബിരുദധാരിയായ ചേർത്തല-അരൂർ പള്ളി, കടവിൽ പറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (24) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും എറണാകുളം സിറ്റി എക്സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.

നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയായിരുന്നു ഇയാൾ മയക്കുമരുന്ന് ശ്യംഖല വ്യാപിപ്പിച്ചിരുന്നത്. ഏജന്റ് മുഖേന ബാംഗ്ലൂരിൽ നിന്ന് മൊത്തമായി എംഡിഎംഎ വാങ്ങിയ ശേഷം ” നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം ” എന്ന പ്രത്യേക ടെലിഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി യുവാക്കളെ ഉപയോഗിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു. മയക്കുമരുന്നുമായി അർദ്ധരാത്രിക്ക് ശേഷം മാത്രം പുറത്തിറങ്ങുന്ന ഇയാൾ, ഒരിക്കൽ പോലും നേരിട്ട് വിൽപ്പന നടത്താറില്ല.

എംഡിഎംഎ അടങ്ങിയ പോളിത്തീൻ പാക്കറ്റ് ടൗൺ ഭാഗങ്ങളിൽ തിരക്കൊഴിഞ്ഞ ഇട റോഡുകളിൽ സുരക്ഷിതമായ സ്ഥലത്ത് ഇട്ടശേഷം, മയക്ക് മരുന്ന് എടുത്ത് വിതരണം ചെയ്യാൻ വരുന്നവരുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് മയക്ക് മരുന്ന് ഇട്ടിരിക്കുന്ന സ്ഥലത്തിന്റെ “ഷാർപ്പ് ലൊക്കേഷൻ” അയച്ച് നൽകുന്നതാണ് ഇടപാടിന്റെ രീതി. ഇതിന് പ്രത്യേകം കോഡും ഉണ്ട്. വ്യത്യസ്ത ഫോൺ നമ്പറുകളും, വെവ്വേറ ടെലിഗ്രാം ഐഡികളും, വാഹനങ്ങും ഉപയോഗിച്ച് അതീവ സമർത്ഥമായാണ് ഇയാൾ മയക്ക് മരുന്ന് കൈമാറ്റം നടത്തി വന്നിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Eng­lish Sum­ma­ry: IT expert arrest­ed with dead­ly drug

You may like this video also

Exit mobile version