Site iconSite icon Janayugom Online

നാടക‑സിനിമാ ചരിത്രത്തിലെ പ്രതിഭാധനന്‍ എസ്എല്‍പുരം വിടവാങ്ങിയിട്ട് 17വര്‍ഷം

കര്‍ഷകരുടേയും തൊഴിലാളികളുടേയും യാതനകള്‍ നാടകത്തിലൂടെ വിളിച്ചു പറഞ്ഞ എസ്എല്‍പുരം സദാനന്ദന്‍റെ പതിനേഴാമത് ചരമവാര്‍ഷികമാണ് ഇന്ന്. 2005 സെപ്റ്റംബർ 16‑ന് അന്തരിച്ചു.മലയാള നാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനാണ് എസ്എല്‍പുരം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ എസ്എല്‍പുരം കഞ്ഞിക്കുഴി ഗ്രാമത്തില്‍ കാക്കര നാരായണന്‍റെയും കാര്‍ത്യായനിയുടെയും മകനായി 1926 ഏപ്രില്‍ 15ന് ജനിച്ചു. കര്‍ഷക കുടുംബമായിരുന്നു എസ്എല്‍പുരത്തിന്‍റേത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങൾ എഴുതി. പിന്നീട് ആർ. സുഗതന്റെ അനുഗ്രഹാശിസ്സുകളോടെ നാടകരചനാ രംഗത്തേക്ക് കടന്നു വന്നു. പി. കൃഷ്ണപിള്ളയാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആക്കിയത്.കർഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു. കമ്യൂണിസത്തിലൂടെ നാടക സമിതിയിലേക്കും പിന്നെ തിരക്കഥാ രചനയിലേക്കും എത്തിയ സദാനന്ദന്‍ ഈ രംഗങ്ങളിലെല്ലാം മികവ് പുലര്‍ത്തി.

സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ സാഹിത്യ വാസനയുണ്ടായിരുന്ന എസ്.എല്‍.പുരം പാര്‍ട്ടി സമ്മേളനങ്ങളില്‍ പാട്ടുകളെഴുതിയും ഏകാങ്കനാടകങ്ങള്‍ അവതരിപ്പിച്ചും ശ്രദ്ധ നേടി. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്തായി. പുന്നപ്ര‑വയലാര്‍ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ടിച്ചു. നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ടും കേട്ടും അറിഞ്ഞും നേടിയ അനുഭവങ്ങള്‍ തന്‍റെ നാടകങ്ങളിലും തിരക്കഥകളിലും അദ്ദേഹം പ്രതിഫലിപ്പിച്ചിരുന്നു. യൗവനം മുഴുവനും നാടിന്‍റെ സ്വാതന്ത്ര്യ സമരങ്ങള്‍ക്കും,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും വേണ്ടി സമര്‍പ്പിച്ച എസ്എല്‍പുരം മരിക്കുന്നതുവരെ കമ്മ്യൂണിസ്റ്റായിരുന്നു.

നാടകരചന അഭിസിച്ചിട്ടില്ലാത്ത അദ്ദേഹം സ്വന്തമായ രചനാതന്ത്രം ആവിഷ്ക്കരിച്ചിരുന്നു.ചില പ്രത്യേക കാര്യങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിക്കാനായി നാടകം മാധ്യമമാക്കി. ഉദ്യോഗജനമായ ജീവിത ദൃശ്യങ്ങളും സന്ദര്‍ഭങ്ങളും സംഭാഷണ വൈചിത്രത്തിന്‍റെ സഹായത്താല്‍ അവതരിപ്പിക്കുകയും ഹാസ്യം, മെലോഡ്രാമ, അസാധാരണ സങ്കേതങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് അര്‍ഷകമാക്കുകയും ചെയ്ത നാടകങ്ങളായിരുന്നു അദ്ദേഹത്തിന്‍റേത്. മിക്ക നാടകങ്ങളും സിനിമയാക്കിയിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള നാടകങ്ങളെഴുതുന്നതില്‍ കഴിവുള്ള നമ്മുടെ നാടകകര്‍ത്താക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിന് അണിയറ, കുറച്ചറിയുക ഏറെ വിശ്വസിക്കുക, എന്നെ സൂക്ഷിക്കുക, കുരുക്ഷേത്രം, സത്രം, ചിരിക്കാത്ത വീടുകള്‍, വിലകുറഞ്ഞ മനുഷ്യര്‍ എന്നീ നാടകങ്ങള്‍ സഹായിച്ചു.

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ കോളിളക്കമുണ്ടാക്കിയ അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ സിനിമയായപ്പോഴും ചലനങ്ങള്‍ സൃഷ്ടിച്ചു. നാടകത്തിന്‍റെ ചുവയുള്ള തിരക്കഥകളായിരുന്നെങ്കിലും അവയിലൂടെ നല്‍കപ്പെട്ട സന്ദേശങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു. 27 നാടകങ്ങളും അഗ്നിശുദ്ധി എന്ന നോവലും ആയിരം വര്‍ണങ്ങള്‍ എന്ന ഓര്‍മ്മക്കുറിപ്പും എഴുതിയിട്ടുണ്ട്. ഓരാള്‍കൂടി കള്ളനായി എന്ന നാടകത്തിന് സമസ്ത കേരള സാഹിത്യ പരിഷത്തിന്‍റെ അവാര്‍ഡ് ലഭിച്ചു. കാക്കപ്പൊന്ന് എന്ന നാടകത്തിന് സാഹിത്യ അക്കാദമിയുടെയും ഇത്തിരി മണ്ണും ഒത്തിരി മനുഷ്യരും എന്ന നാടകത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെയും കാട്ടുകുതിരയ്ക്ക് കേരള സര്‍ക്കാരിന്‍റെയും അവാര്‍ഡുകള്‍ ലഭിച്ചു.മലയാള സിനിമയിൽ ആദ്യത്തെ കേസന്വേഷണചിത്രമായ, മമ്മൂട്ടി ആദ്യമായി അന്വേഷണോദ്യോഗസ്ഥനായി അഭിനയിച്ച യവനിക ഉൾപ്പെടെ നിരവധി സിനിമകൾക്ക്‌ തിരക്കഥ രചിച്ചിട്ടുണ്ട്.

1965‑ൽ ചെമ്മീനുവേണ്ടി സംഭാഷണം എഴുതിക്കൊണ്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശം. നെല്ല്, യവനിക, ഒരു പെണ്ണിന്റെ കഥ, അഴിയാത്ത ബന്ധങ്ങൾ, എന്റെ കാണാക്കുയിൽ, കുഞ്ഞാറ്റക്കിളികൾ തുടങ്ങി നൂറിലേറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. മാരാരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു. മരണം വര ഇപ്റ്റയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്‍റും സംസ്ഥാന നിര്‍വാഹകസമിതി അംഗവുമായിരുന്നു. നമ്മുടെ നാടക സിനിമാ ചരിത്രത്തില്‍ ഇടം നേടിയ പ്രതിഭാധനനാണ് എസ്എല്‍പുരം

Eng­lish Sum­ma­ry: It has been 17 years since Prat­i­b­had­han left SL Puram in the his­to­ry of the­ater and cinema

You may also like this video: 

Exit mobile version